വൈപ്പിൻ: സമഗ്രശിക്ഷ കേരളം വൈപ്പിൻ ബി.ആർ.സിയുടെ നേതൃത്വത്തിൽ ഉപജില്ലയിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി കായികമത്സരം വൈപ്പിൻ വാരിയേഴ്‌സ് 2022 നടത്തി. വൈപ്പിൻ റോട്ടറി ക്ലബിന്റെ സഹകരണത്തോടെ നായരമ്പലം പഞ്ചായത്ത് മൈതാനത്ത് സംഘടിപ്പിച്ച കായികോത്സവം റോട്ടറി ക്ലബ് അസിസ്റ്റന്റ് ഗവർണർ അജിത് ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
കൊച്ചമ്പലം ബസ് സ്റ്റോപ്പിൽനിന്ന് വിളംബര ജാഥയോടെ ആരംഭിച്ച ദീപശിഖാ പ്രയാണം വൈപ്പിൻ ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ കെ.എസ്. ദിവ്യരാജ് ഏറ്റുവാങ്ങി. അർജുന അവാർഡ് ജേതാവ് ഒളിമ്പ്യൻ ജോസഫ് എബ്രഹാം പതാക ഉയർത്തി. വൈപ്പിൻ പ്രസ് ക്ലബ് പ്രസിഡന്റ് അനിൽ പ്ലാവിയൻസ്, റോട്ടറി ക്ലബ് പ്രസിഡന്റ് മനോജ്, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ എം.എ. ലീജിയ എന്നിവർ പ്രസംഗിച്ചു. കായികാദ്ധ്യാപകരായ സാദിഖ്, ജോസഫ് ആൻഡ്രൂസ്, സെബാസ്റ്റ്യൻ ആന്റണി എന്നിവർ നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ റോട്ടറി ക്ലബ് പ്രതിനിധികളായ എം.കെ. ബാബു, പി.ജെ. മനോജ്, വി. പി.സാബു സി.ജെ. ജോളി , എടവനക്കാട് ബാങ്ക് പ്രസിഡന്റ് ടി.എ. ജോസഫ് എന്നിവർ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.