തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭയുടെ ആഭിമുഖ്യത്തിലെ കേരളോത്സവത്തിന് തുടക്കം. ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ഹിൽപാലസ് മ്യൂസിയത്തിന് മുന്നിൽ നിന്ന് ആരംഭിച്ച വാക്കത്തൺ അർജുന അവാർഡ് ജേതാവ് ടോം ജോസഫ് ഉദ്ഘാടനം ചെയ്തു.

ഹിൽപാലസ് മ്യൂസിയത്തിന് മുന്നിൽ നിന്നും ആരംഭിച്ച വാക്കത്തോൺ സ്റ്റാച്യു ജംഗ്ഷനിൽ സമാപിച്ചു. സംസ്ഥാന സർക്കാർ നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിനോടനുബന്ധിച്ച് സ്റ്റാച്യു ജംഗ്ഷനിൽ ഒരുക്കിയ പോസ്റ്റിലേക്ക് ഗോളടിച്ചാണ് കെ. ബാബു എം.എൽ.എ. ഉദ്ഘാടനം നിർവ്വഹിച്ചത്. നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് അധ്യക്ഷത വഹിച്ചു.

വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ, സ്ഥിരംസമിതി അദ്ധ്യക്ഷരായ ജയ പരമേശ്വരൻ, യു.കെ. പീതാംബരൻ, ദീപ്തി സുമേഷ്, കൗൺസിലർമാരായ പി.കെ. പീതാംബരൻ, കെ.ടി. അഖിൽദാസ്, ജെ.എച്ച്.ഐ. സി. ബിനീഷ് എന്നിവർ സംസാരിച്ചു.

കേരളോത്സവത്തിന്റെ ഭാഗമായുള്ള ബാഡ്മിന്റൺ മത്സരങ്ങൾ 29, 30 തിയതികളിൽ എരൂർ ബേസ്‌ലൈൻ അക്കാഡമിയിലും വോളിബാൾ മത്സരം 27ന് എരൂർ ആസാദ് ജംഗ്ഷനിലെ ആനക്കുളത്തിനു സമീപത്തും ഫുട്ബാൾ ഡിസംബർ 3ന് ഇരുമ്പനം ഭാസ്കരൻ കോളനി ഗ്രൗണ്ടിലും നടക്കും. ക്രിക്കറ്റ് മത്സരം നവംബർ 27ന് ഇരുമ്പനം തണ്ണീർച്ചാൽ പാർക്കിന് സമീപത്തും അത്‌ലറ്റിക്സ് ഡിസംബർ 4 ന് തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലും കളരിപ്പയറ്റ് നവംബർ 30ന് ലായം കൂത്തമ്പലത്തിലും വടംവലി മത്സരം ഡിസംബർ 2ന് നഗരസഭ ഓഫീസ് പരിസരത്തുമാണ് നടത്തുക. ചെസ്- ക്വിസ് മത്സരങ്ങൾ ഡിസംബർ 3 ന് കേരളവർമ്മ ഹാളിലും കാർഷിക മത്സരങ്ങൾ ഡിസംബർ 4ന് തൃപ്പൂണിത്തുറ തെക്കുംഭാഗം മോനപ്പള്ളിയിലും സംഘടിപ്പിക്കും.