വാഴക്കുളം: കൗമാര കലയുടെ ഉത്സവാഘോഷത്തിന് തുടക്കം കുറിച്ച് സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിന് പൈനാപ്പിൾ സിറ്റിയായ വാഴക്കുളത്ത് വേദി ഉണർന്നു. പ്രധാന വേദിയായ കാർമൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ ചലച്ചിത്ര താരം മിയ ജോർജ് മേളയ്ക്ക് തിരി തെളിച്ചു. സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനറും കാർമൽ സ്കൂൾ പ്രിൻസിപ്പലുമായ ഡോ. സിജൻ പോൾ ഊന്നുകല്ലേൽ, കോൺഫെഡറേഷൻ ഒഫ് സഹോദയ കോംപ്ലക്സ് ജനറൽ സെക്രട്ടറി ജോജി പോൾ, ഡീൻ കുര്യാക്കോസ് എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
പാശ്ചാത്യ സംഗീതത്തോടെയാണ് മത്സരം ആരംഭിച്ചത്. നാല് കാറ്റഗറികളിലായി ഒന്നാം ദിവസം തിരുവാതിര, നാടോടി നൃത്തം, ഭരതനാട്യം, മോഹിനിയാട്ടം, പദ്യം ചൊല്ലൽ, പദ്യ രചന, മിമിക്രി, രചന, സംഗീത ഉപകരണം തുടങ്ങിയ ഇനങ്ങളിൽ മത്സരം പൂർത്തിയാക്കി. 1400 സ്കൂളുകളിൽ നിന്ന് ഏഴായിരത്തോളം പ്രതിഭകൾ 21 വേദികളിലായി 144 ഇനങ്ങളിൽ മത്സരിക്കും.