കുറുപ്പംപടി: സാമൂഹികമാറ്റത്തിനാവശ്യമായ വിദ്യാഭ്യാസമാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കാലാനുസൃതമായ നിർമ്മിതികളൊരുക്കുക സർക്കാരിന്റെ നയമാണെന്നും അവർ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെയുള്ള രാഷ്ട്രീയ ഉച്ഛത ശിക്ഷ അഭിയാൻ ( റൂസ) പ്രകാരം പെരുമ്പാവൂർ മാർത്തോമ്മ വനിതാ കോളേജിൽ നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ജിജി മാത്യുസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബെഹനാൻ എം.പി, മുനിസിപ്പൽ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ, ട്രാവൻകൂർ സിമന്റ്സ് ചെയർമാൻ ബാബു ജോസഫ്, വാർഡ് കൗൺസിലർ ആനി മാർട്ടിൻ, കോളേജ് പ്രിൻസിപ്പൽ ഡോ. സുജോ മേരി വർഗീസ്, ട്രഷറർ പി.കെ. കുരുവിള, ഡോ. ലിസി ചെറിയാൻ, ഡോ. പൗലോസ് തോമസ് തുടങ്ങിയവർ സംസാരിച്ചു.

ഇതോടൊപ്പം നടന്ന കോളേജിന്റെ നാല്പതാം സ്ഥാപകദിന ആഘോഷ ചടങ്ങുകളിൽ കുന്നംകുളം- മലബാർ ഭദ്രാസന അദ്ധ്യക്ഷൻ ഡോ.തോമസ് മാർ തീത്തോസ് മുഖ്യപ്രഭാഷണം നടത്തി. എം.ജി യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളെ ആദരിച്ചു.