കളമശേരി: മഞ്ഞുമ്മൽ മുട്ടാർ കടവിൽ രണ്ടു വയസുള്ള കുഞ്ഞിനെ കൊത്തിയ പൂവൻകോഴി സ്ഥിരം ശല്യക്കാരൻ. ഈ കോഴി മുൻപും ആക്രമണ സ്വഭാവം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മുതിർന്നവരെപ്പോലും ആക്രമിച്ചതായും പരാതി ഉയർന്നിരുന്നു.

മഞ്ഞുമ്മൽ കോൽപറമ്പിൽ വീട്ടിൽ കെ.എ.ഹുസൈൻ കുട്ടിയുടെ മകളുടെ മകനെയാണ് കഴിഞ്ഞ 18ന് പൂവൻകോഴി കൊത്തിപ്പരിക്കേൽപ്പിച്ചത്. കുട്ടിയുടെ കണ്ണിന് താഴെയും ചെവിക്കു പിന്നിലും തലയിലുമെല്ലാം ആഴത്തിൽ മുറിവേറ്റിരുന്നു. മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിൽചികിത്സ തേടിയ കുട്ടിയെ 23ന് ഡിസ്ചാർജ് ചെയ്തു. സംഭവത്തിൽ പൂവൻ കോഴിയുടെ ഉടമയായ കടവിൽ വീട്ടിൽ ജലീലിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ചികിത്സാ ചെലവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് പരാതി നൽകിയിട്ടുള്ളത്.