തൃക്കാക്കര: തൃക്കാക്കരയിലെ ട്രാഫിക്ക് ബ്ലോക്ക് ഒഴിവാക്കുന്നതിനായി സത്വര നടപടികൾ സ്വീകരിക്കാൻ ഇന്നലെ നഗരസഭയിൽ ചേർന്ന ട്രാഫിക്ക് റെഗുലേറ്ററി യോഗത്തിൽ തീരുമാനമായി. ഇതിന്റെ ഭാഗമായി ഗതാഗത തടസമുള്ള സ്ഥലങ്ങളിൽ ട്രാഫിക് വാർഡൻമാരെ നിയമിക്കും. കാക്കനാട് ഐ.എം.ജി. ജംഗ്ഷൻ, കളക്ട്രേറ്റ് സിഗ്നൽ ജംഗ്ഷൻ, ഓലിമുകൾ, ജഡ്ജിമുക്ക്, കാർഡിനൽ സ്കൂൾ, പൈപ്പ് ലൈൻ, മരോട്ടിച്ചോട്, ഈച്ച മുക്ക്, കുഴിക്കാട്ട് മൂല എന്നിവിടങ്ങളിലാണ് ട്രാഫിക്ക് ബ്ലോക്ക് കൂടുതലെന്നാണ് യോഗം വിലയിരുത്തിയത്. കാക്കനാട് ജംഗ്ഷനിൽ ട്രാഫിക്ക് കുരുക്ക്‌ ഒഴിവാക്കാൻ കളക്ടറേറ്റ് മതിൽ പൊളിച്ച്‌ കുറച്ച് അകത്തേക്ക് മാറ്റിക്കെട്ടാൻ സർക്കാരിനോട് ശുപാർശ ചെയ്യാൻ യോഗം തീരുമാനിച്ചു. വാഴക്കാല തുടങ്ങിയ തിരക്കുള്ള സ്ഥലങ്ങളിൽ റോഡിൽ ഡിവൈഡറുകൾ സ്ഥാപിക്കും.റോഡിലെ അനധികൃത കയ്യേറ്റങ്ങളും നിർമ്മാണങ്ങളും പൊളിച്ചുനീക്കും. അനധികൃത പാർക്കിംഗ് നിരോധിക്കും. തോന്നുന്നത് പോലെ "യു " ടേൺ എടുക്കാൻ അനുവദിക്കില്ല. യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. വൈസ്‌ ചെയർമാൻ എ.എ.ഇബ്രാഹിംകുട്ടി, തൃക്കാക്കര സി.ഐ. ഷാബു, ട്രാഫിക്ക് എസ്.ഐ. ജോസഫ് ജോർജ്, വാട്ടർ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്‌, കെ.എസ്.ഇ.ബി,​ ട്രാഫിക്ക് ഉദ്യോഗസ്ഥർ, നഗരസഭാ സ്ഥിരംസമിതി ചെയർമാൻമാർ, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.