കൊച്ചി: ബുക്ക് ചെയ്ത ഫാൻസി നമ്പറിന് വേണ്ടിയുള്ള ലേലം നടക്കുന്നതുവരെ താത്കാലിക രജിസ്ട്രേഷൻ നമ്പറിൽ പുത്തൻ വാഹനം ഓടിക്കാൻ ഉടമയെ അനുവദിക്കാൻ ഹൈക്കോടതി മോട്ടോർ വാഹന വകുപ്പിന് ഉത്തരവു നൽകി. എറണാകുളം വടുതല സ്വദേശി പ്രെയ്സി ജോസഫിനാണ് പുതിയ കാർ താത്കാലിക രജിസ്ട്രേഷൻ നമ്പറിൽ ഓടിക്കാൻ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അനുമതി നൽകിയത്.
മോട്ടോർ വാഹനവകുപ്പിനെയും ഇടപ്പള്ളിയിലെ കിയ ഡീലർമാരായ ഇഞ്ചിയൻ മോട്ടോഴ്സിനെയും എതിർകക്ഷികളാക്കിയായിരുന്നു ഹർജി. അടുത്തിടെ വാങ്ങിയ കിയ കാരൻസ് കാറിന് പ്രെയ്സിക്ക് മുമ്പുണ്ടായിരുന്ന വാഹനത്തിന്റെ അതേ നമ്പറായ 5252 ചേർത്ത് KL-07-DA-5252 എന്ന ഫാൻസി നമ്പർ ലഭിക്കണമെന്നാണ് ആഗ്രഹം. ഭർത്താവിന്റെയും മകളുടെയും വാഹനങ്ങളുടെ നമ്പറും ഇത് തന്നെയാണ്. ഈ നമ്പർ മോട്ടോർ വാഹനവകുപ്പിൽ ബുക്ക് ചെയ്തിട്ടുമുണ്ട്. നമ്പർ അനുവദിക്കുന്നതിനുള്ള ഫാൻസി നമ്പർ ലേലം മൂന്ന് മാസത്തിന് ശേഷമേ നടക്കൂ. അതുവരെ താത്കാലിക രജിസ്ട്രേഷനിൽ വാഹനമോടിക്കാനുള്ള അനുമതി തേടിയാണ് പ്രെയ്സി കോടതിയെ സമീപിച്ചത്.
വാഹനത്തിന്റെ വിലയും നികുതിയും ഇൻഷ്വറൻസും അടച്ചെങ്കിലും താത്കാലിക രജിസ്ട്രേഷനിൽ ഓടിക്കാനാവില്ലെന്ന് പറഞ്ഞ് വാഹനം ഇതുവരെ കൈമാറിയിട്ടില്ല.
മോട്ടോർ വാഹന നിയമത്തിൽ താത്കാലിക രജിസ്ട്രേഷന് അനുമതിയുള്ളപ്പോൾ വാഹനം നിരത്തിലിറക്കാനാകില്ലെന്ന നിലപാട് അനീതിയാണെന്ന് കോടതി വിലയിരുത്തി. ഇഷ്ടനമ്പർ മൂന്ന് മാസത്തിന് ശേഷമേ ലഭിക്കൂവെന്നിരിക്കെ ഫാൻസി നമ്പർ ആഗ്രഹിക്കുന്നവർ വാഹനം വാങ്ങിയ ശേഷം നിരത്തിലിറക്കാൻ അനിശ്ചിതമായി കാത്തിരിക്കണമെന്നത് വിവേചനമാണ്. പ്രെയ്സിയുടെ വാഹനം താത്കാലിക രജിസ്ട്രേഷൻ നമ്പറിൽ കൈമാറാനും കോടതി നിർദ്ദേശിച്ചു.