 
തൃപ്പൂണിത്തുറ: ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിൽ തൃക്കേട്ട ദർശിച്ചും കാണിക്ക അർപ്പിച്ചും ഭഗവൽ സായുജ്യം നേടാൻ ആയിരങ്ങളെത്തി. പതിനഞ്ചു ഗജവീരന്മാരോടൊപ്പം സ്വർണ്ണ കോലത്തിലേറിയുള്ള പൂർണ്ണത്രയീശന്റെ തൃക്കേട്ട പുറപ്പാടിന് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. പാമ്പാടി രാജൻ പൂർണ്ണത്രയീശന്റെ കോലമേറ്റി. ശേഷം ഭഗവൽ സന്നിധിയിൽ വലിയ മൂത്തതിന്റെ സാന്നിധ്യത്തിൽ മേനോക്കിയുടെ അനുവാദം വാങ്ങി കാണിക്ക അർപ്പിക്കുന്നതിനായി സ്വർണ്ണക്കുടം വച്ചു.
രാജകുടുബത്തിലെ മുതിർന്ന അംഗം ആർ.ടി. രവിവർമ്മ ഭഗവാന് മുന്നിൽ ആദ്യകാണിക്ക അർപ്പിച്ചു. തുടർന്ന് ദേവസ്വം അധികൃതരും ഭക്തജനങ്ങളും കാണിക്ക അർപ്പിച്ചു . കാണിക്ക സമർപ്പണത്തിനായി രാത്രി വൈകിയും ഭക്തജനങ്ങളുടെ വൻ തിരക്കാണ് ക്ഷേത്രസന്നിധിയിൽ അനുഭവപ്പെട്ടത്. കാണിക്ക അർപ്പിക്കുന്ന ചടങ്ങ് ആറാട്ടു വരെ നീണ്ടു നിൽക്കും. ഭഗവൽ സന്നിധിയിൽ എത്തി തൃക്കേട്ട തൊഴുത് കാണിക്ക അർപ്പണവും നടത്തിയാൽ സമ്പൽ സമൃദ്ധിയും സർവ്വൈശ്വര്യവും വരുമെന്നാണ് വിശ്വാസം