കളമശേരി: മഞ്ഞുമ്മൽ ജനവാസ മേഖലയിൽ ശുചിമുറിമാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള ഏലൂർ നഗരസഭാ ഭരണസമിതിയുടെ തീരുമാനത്തിനെതിരെ തിങ്കളാഴ്ച മുതൽ തുടർന്നു വരുന്ന പ്രതിഷേധത്തിന്റെ തുടർച്ചയായി ഇന്നലെ കോൺഗ്രസ്, ബി.ജെ.പി, എ.ഐ.വൈ.എഫ്.ഐ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരങ്ങളും ഉപരോധവും നടന്നു.
ഏലൂർ നഗരസഭയിലെ 31 കൗൺസിലർമാരിൽ 5 കോൺഗ്രസ് , 6 എൻ.ഡി.എ ,5 സി.പി.ഐ ഉൾപ്പെടെ 18 പേർ ജനവാസ മേഖലയിൽ പ്ലാന്റ് സ്ഥാപിക്കുന്നതിനെ എതിർക്കുമ്പോൾ ബാക്കിയുള്ള 13 സി.പി.എം കൗൺസിലർമാർ മാത്രമാണ് പ്ലാന്റിനെ അനുകൂലിക്കുന്നതെന്ന് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.കെ.സേതു കോൺഗ്രസിന്റെ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ജോസഫ് ആന്റണി, ലിസി ജോർജ്, പാർലമെന്ററി പാർട്ടി ലീഡർ പി.എം.അയ്യൂബ്, കൗൺസിലർ ജിജി സുബ്രഹ്മണ്യൻ, നേതാക്കളായ ഷാജഹാൻ, അൻസാർ കുറ്റിമാക്കൽ,സനോജ് മോഹൻ തുടങ്ങിയവർ സംസാരിച്ചു.
ബി.ജെ.പി. പാർലമെന്ററി പാർട്ടി ലീഡർ എസ്.ഷാജിയുടെ നേതൃത്വത്തിൽ എൻ.ഡി.എ.കൗൺസിലർമാരായ കൃഷ്ണപ്രസാദ്, കെ.എൻ.അനിൽകുമാർ, പി.ബി.ഗോപിനാഥ്, ചന്ദ്രികാ രാജൻ, സാജു വടശേരി എന്നിവർ നഗരസഭ സെക്രട്ടറിയുടെ അഭാവത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ സജിമോൻ കെ.വർഗീസിനെ ഉപരോധിച്ചു. ഏലൂർ പൊലീസ് കൗൺസിലർമാരെ അറസ്റ്റ് ചെയ്ത് നീക്കി.
എ.ഐ.വൈ.എഫ് ഏലൂർ മേഖലാ കമ്മിറ്റിയുടെ മഞ്ഞുമ്മലിൽ നടന്ന പ്രതിഷേധം ഷാജി ഇടപ്പള്ളി ഉദ്ഘാടനം ചെയ്തു. നേതാക്കളായ ഷെബിൻ മോഹൻ, അഫ്സൽ എടയാർ, സുനിത സിനി രാജ്, റോണി ഷ്, ജോസഫ് ജോർജ് തുടങ്ങിയവർ സംസാരിച്ചു.
'