park

കൊച്ചി: കലാസാംസ്കാരിക പ്രവർത്തനങ്ങളുടെ മുഖ്യകേന്ദ്രമായ ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രം സിൽവർ ജൂബിലി നിറവിൽ. രജത ജൂബിലി ആഘോഷപരിപാടികൾ ഡിസംബർ ഒന്നിന് സാംസ്കാരിക കേന്ദ്രത്തിന്റെ ആദ്യ പ്രസിഡന്റും മുൻ ജി.സി.ഡി.എ ചെയർമാനുമായ കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

1977ൽ സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയ്ക്ക് സ്മാരകമായി ചങ്ങമ്പുഴ പാർക്ക് നിർമ്മിക്കുന്നത്. ഇടപ്പള്ളി സബ് രജിസ്‌ട്രാർ ഓഫീസും കടമുറികളും ഉണ്ടായിരുന്ന സ്ഥലം ഒഴിപ്പിച്ചെടുത്താണ് ഒന്നര ഏക്കർ സ്ഥലത്ത് പാർക്ക് നിർമ്മിച്ചത്. മൂന്നു മുറികളും അകത്തളവുമുള്ള കെട്ടിടവും ഇതോടനുബന്ധിച്ച് നിർമ്മിച്ചു. ജി.സി.ഡി.എയുടെ ഉടമസ്ഥതയിലാണ് പാർക്ക്. 1996 ലാണ് ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം എന്ന പേരിൽ സമിതി രൂപീകരിക്കുന്നത്. 1997 ജനുവരി 29 ന് പ്രൊഫ. എം.കെ.സാനു ഭദ്രദീപം കൊളുത്തി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം ഉദ്ഘാടനം ചെയ്തു.

തുടക്കത്തിൽ പ്രഭാഷണങ്ങളും സാഹിത്യചർച്ചകളും മാത്രമാണ് ഇവിടെ നടന്നിരുന്നത്. കാവ്യമൂല, അക്ഷരശ്ളോക സദസ് എന്നിവയായിരുന്നു പ്രധാനം. തൊണ്ണൂറുകളുടെ അവസാനമാണ് കലാപരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. ഇപ്പോൾ 365 ദിവസവും പരിപാടികളുണ്ട്. മൂന്നു പരിപാടികൾ വരെ നടക്കുന്ന ദിവസങ്ങളുണ്ട്.

ടി.എം. കൃഷ്ണ, സഞ്ജയ് സുബ്രഹ്മണ്യം, ആലത്തൂർ ബ്രദേഴ്സ്, പാറശാല പൊന്നമ്മാൾ, എം.ജയചന്ദ്രൻ തുടങ്ങി പ്രശസ്തരായ സംഗീതജ്ഞരും മേതിൽ ദേവിക, ശോഭന, മഞ്ജുവാര്യർ, പല്ലവികൃഷ്ണ തുടങ്ങിയ പ്രശസ്ത നർത്തകരും പാർക്കിൽ കലാപരിപാടി അവതരിപ്പിച്ചിട്ടുണ്ട്.

ബഷീർ പുരസ്കാരം ഉൾപ്പെടെ പ്രധാനപ്പെട്ട നിരവധി ചടങ്ങുകൾക്കും ഇവിടം വേദിയായി.

* lവിവിധ സംഘടനകൾ

സാംസ്കാരികകേന്ദ്രത്തിന് കീഴിൽ നാല് സംഘടനകളുണ്ട്. 60 കഴിഞ്ഞവരുടെ കൂട്ടായ്മയായ ഇടപ്പള്ളി സീനിയർ സിറ്റിസൺ കൾച്ചറൽ ഫോറത്തിൽ 1500 അംഗങ്ങളുണ്ട്. ഇടപ്പള്ളി കഥകളി ആസ്വാദക സദസിൽ രണ്ടായിരം അംഗങ്ങൾ. മാസത്തിൽ ഒരു കഥകളി. കൂടിയാട്ടം, ചാക്യാർകൂത്ത്, നങ്ങ്യാർകൂത്ത് തുടങ്ങിയ പരിപാടികളുണ്ടാവും. 2013 ൽ ആരംഭിച്ച ഇടപ്പള്ളി നൃത്താസ്വാദക സദസിൽ 1600 അംഗങ്ങളാണുള്ളത്. ചങ്ങമ്പുഴ ന്യൂസ് ലെറ്റർ എന്ന പേരിൽ ന്യൂസ് ലെറ്റർ പുറത്തിറക്കാറുണ്ടെന്ന് എഴുത്തുകാരനും പത്രപ്രവർത്തകനും നിലവിലെ പ്രസിഡന്റുമായ പി. പ്രകാശ് പറഞ്ഞു. ടി.ജി. രവികുമാറാണ് സെക്രട്ടറി.