ആലുവ: ഗുണമേന്മയുള്ള കോഴിയിറച്ചി ന്യായമായ വിലയ്ക്ക് ലഭ്യമാക്കുക, കുടുംബശ്രീ സംരംഭകർക്ക് വരുമാനം എന്നീ ലക്ഷ്യങ്ങളോടെ സർക്കാർ ആവിഷ്‌കരിച്ച കേരള ചിക്കൻ എടത്തല എൻ.എ.ഡി കവലയിൽ ഇന്ന് രാവിലെ 9.30ന് പ്രവർത്തനമാരംഭിക്കും. ജില്ലയിലെ 25 -ാമത്തെ വിപണനശാലയാണിത്. കുടുംബശ്രീ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എം.ബി.പ്രീതി ആദ്യ വില്പന നടത്തും. മൃഗസംരക്ഷണ വകുപ്പും കെപ്‌കോയുമായി ചേർന്ന് കുടുംബശ്രീ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പൊതു വിപണിയേക്കാൾ വിലക്കുറവിൽ കോഴിയിറച്ചി ലഭിക്കുന്നതിനാൽ ഉപഭോക്താക്കൾക്കിടയിൽ കേരള ചിക്കന് സ്വീകാര്യത വർദ്ധിച്ചിട്ടുണ്ട്.