ആലുവ: ചൂർണീക്കര ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന പൈപ്പ് ലൈൻ റോഡ് നവീകരിക്കാൻ ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ അനുവദിച്ചു. വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്.

നിർമ്മല സ്‌കൂൾ മുതൽ പഞ്ചായത്ത് അതിർത്തിയായ കുന്നത്തേരി വരെയുള്ള ഭാഗത്തെ റോഡ് നവീകരിക്കുന്നതിനാണ് തുക അനുവദിച്ചത്. പൈപ്പ് ലൈൻ റോഡ് വർഷങ്ങളായി തകർന്നുകിടക്കുകയാണ്. റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ചൂർണിക്കര ഗ്രാമപഞ്ചായത്ത് അധികൃതർ പലവട്ടം വാട്ടർ അതോറിറ്റിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അൻവർ സാദത്ത് എം.എൽ.എ ഇടപെട്ട് ജില്ലാ പഞ്ചായത്തിൽ നിന്ന് ഫണ്ട് ഉറപ്പാക്കുകയായിരുന്നു.

ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളും യാത്രക്കാരും പോകുന്ന പൈപ്പ് ലൈൻ റോഡ് ആലുവയിൽ നിന്ന് മെഡിക്കൽ കോളേജ്, കളക്ടറേറ്റ്, കളമശേരി, തൃപ്പൂണിത്തുറ ഉൾപ്പടെ എറണാകുളം ഭാഗത്തേക്കുള്ള എളുപ്പ ഗതാഗതമാർഗമാണ്.