കൊച്ചി: മെട്രോനഗരിയുടെ സുന്ദരമുഖങ്ങളിലൊന്നായിരുന്ന മറൈൻഡ്രൈവ് വാക്ക്‌വേ മാലിന്യം നിറഞ്ഞ് ദുർഗന്ധ പൂരിതം.
കായൽ കാറ്റിന്റെ ദുർഗന്ധം കാരണം വിനോദ സഞ്ചാരികൾക്ക് മൂക്കുപൊത്താതെ നടക്കാനാവില്ല.
പ്രഭാത- സായാഹ്ന സവാരിക്ക് നൂറുകണക്കിന് കൊച്ചിക്കാരും കായൽ സൗന്ദര്യമാസ്വദിച്ച് കാറ്റുകൊള്ളാൻ ആയിരക്കണക്കിന് വിനോദസഞ്ചാരികളും എത്തുന്ന നഗരത്തിലെ സുപ്രധാന ലൊക്കേഷനാണ് ഈ ദുര്യോഗം.
കായൽ തീരത്തെ ബെഞ്ചുകളിൽ ഇരുന്നാൽ ഇളംകാറ്റു കൊള്ളാം, പക്ഷേ മൂക്കുപൊത്തണമെന്ന് മാത്രം. ഓളങ്ങൾക്കൊപ്പം തീരത്തടിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകളും ചപ്പുചവറുകളും മനംമടുപ്പിക്കുന്ന കാഴ്ചയാണ്.
നടപ്പാതയിൽ നട്ടുവളർത്തിയ ചെടികൾക്കിടയിലും നക്ഷത്ര ഹോട്ടലനരികിലൂടെ വലിയ നടപ്പാതയിലേക്ക് പോകുന്ന വഴിയിലും മാലിന്യങ്ങൾ നീക്കിയിട്ട് മാസങ്ങളായ സ്ഥിതിയാണ്. കാമറ നിരീക്ഷണവും പൊലീസ് പട്രോളിങ്ങുമൊക്കെ ഉണ്ടായിട്ടും മറൈൻ ഡ്രൈവിൽ മാലിന്യം വലിച്ചെറിയുന്നത് തടയാനാകുന്നില്ല.
തെക്കേയറ്റം മുതൽ ഹൈക്കോടതി ജങ്കാർ ജെട്ടിവരെയുള്ള വാക്ക് വേയിലെ സ്ഥിതി ഏറെക്കുറെ ഇതു തന്നെയാണ്. മറൈൻ ഡ്രൈവ് മൈതാനിയുടെ മതിലുകൾ പൊളിഞ്ഞു കിടന്നിട്ടും അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ല.
വാക്ക്വേയിലെ തണൽമരങ്ങളിൽ ചിലതും കഴിഞ്ഞ ദിവസങ്ങളിൽ മുറിച്ചുമാറ്റിയിട്ടുണ്ട്. ഇതിന്റെ അവശിഷ്ടങ്ങളും വഴിയിൽ കൂടിക്കിടക്കുകയാണ്.
 പഴയ ബോട്ടുജെട്ടി ക്രിമിനൽ സങ്കേതം
മറൈൻ സമീപം പഴയ ബോട്ടുജെട്ടിയിൽ നിർമ്മാണം പൂർത്തിയാകാത്ത കെട്ടിടം സാമൂഹ്യവിരുദ്ധരുടെയും മയക്കുമരുന്ന് സംഘങ്ങളുടേയും സുരക്ഷിത സങ്കേതമാണ്. വള്ളിപ്പടർപ്പുകൾ മൂടി കിടിക്കുന്ന കെട്ടിടത്തിൽ പകൽസമയത്തുപോലും ആരുടേയും ശ്രദ്ധയെത്തില്ലെന്നയെന്നതാണ് മയക്കുമരുന്ന് സംഘത്തിന് തുണയാകുന്നത്.
 പ്രശ്നങ്ങളുണ്ട്, പരിഹരിക്കും: ജി.സി.ഡി.എ
മറൈൻഡ്രൈവ് നടപ്പാത വൃത്തിയായി സൂക്ഷിക്കേണ്ട ചുമതല സി.എസ്.എം.എന്നിനാണ്. അവർ സ്വകാര്യ ഏജൻസിക്ക് കരാർ നൽകിയാണ് ജോലി ചെയ്യിക്കുന്നത്. നിലവിൽ ചില പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രശ്നത്തിൽ ഇടപെടും. അതോടൊപ്പം മറൈൻഡ്രൈവിലെ സാമൂഹ്യവിരുദ്ധരുടെ ശല്യം പൂർണമായും ഒഴിവാക്കി 24 മണിക്കൂറും സന്ദർശകർക്ക് സുരക്ഷിത കേന്ദ്രമാക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്
 ആന്റണി കുരീത്തറ
കൗൺസിലർ, കൊച്ചി കോർപ്പറേഷൻ
''ദേശീയ ശുചിത്വ സൂചികയിൽ നാലാം സ്ഥാനത്ത് ഉണ്ടായിരുന്ന കൊച്ചി 296 ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് മാലിന്യനീക്കത്തിലുള്ള കോർപ്പറേഷൻ ഭരണസമിതിയുടെ അലംഭാവംമൂലമാണ്. ഓരോ ഡിവിഷനിലും അനുവദിച്ച 5 ശുചീകരണ തൊഴിലാളികളിൽ 3 പേരെ ഇപ്പോൾ കാനകൾ വൃത്തിയാക്കാൻ നിയോഗിച്ചിരിക്കുകയാണ്. ''