പറവൂർ: ആനച്ചാൽ തണ്ണീർത്തട ഭൂമിയിൽ നിർമ്മാണം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. ഭൂരിഭാഗം പ്രദേശവും തണ്ണീർത്തടമായ ഭൂമിയിലെ ഒട്ടേറെ സർവേ നമ്പറുകളിൽപ്പെട്ട സ്ഥലത്തെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ വ്യാപകപരാതി ലഭിച്ചിരുന്നു. തുടർന്ന് ഡെപ്യൂട്ടി കളക്ടർ ഉൾപ്പെടെയുള്ളവർ കഴിഞ്ഞദിവസം പരിശോധന നടത്തി. പരിശോധനയുടെ അടിസ്ഥാനത്തിലാണ് അനധികൃത നിർമ്മാണം തടഞ്ഞ് കളക്ടർ ഉത്തരവിറക്കിയത്.
ആറ് സർവേ നമ്പറുകളിൽപ്പെട്ട ഭൂമിയിൽ അനധികൃതമായി തണ്ണീർത്തടം നികത്തിയതായി കാട്ടി സബ് കളക്ടറും ഭൂരേഖ തഹസിൽദാറും ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അതിനാൽ നിലവിലെ നിർമ്മാണ പ്രവർത്തികൾ നെൽവയൽ തണ്ണീർത്തട നിയമത്തിന്റെ ലംഘനമാണെന്ന് കളക്ടർ വിലയിരുത്തി.
തണ്ണീർത്തട ഭൂമിയിൽ സ്ഥിതി ചെയ്യുന്ന കുളം, തോട്, നീർച്ചാലുകൾ എന്നിവ അതേപടി നിലനിർത്തി ഇതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്നായിരുന്നു 2019 ലെ ഭൂവിനിയോഗ ഉത്തരവിൽ പറഞ്ഞിരുന്നത്. എന്നാൽ ഇതെല്ലാം ലംഘിക്കപ്പെട്ടതായും കളക്ടർ വിലയിരുത്തിയിട്ടുണ്ട്. സർവേ നടത്തി തിട്ടപ്പെടുത്തിയതിന് ശേഷം മാത്രമേ ഈ വസ്തുവിൽ ഏതെങ്കിലും തരത്തിലെ തുടർ നടപടികൾ സ്വീകരിക്കാൻ പാടുള്ളുവെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു. തണ്ണീർത്തടത്തിന്റെ ഉടമയ്ക്ക് കളക്ടറുടെ ഉത്തരവ് കൈമാറിയിട്ടുണ്ട്. കോട്ടുവള്ളി പഞ്ചായത്ത് ആറാം വാർഡിൽ ആനച്ചാൽ പുഴയോടു ചേർന്നുള്ള പതിനാറേക്കർ തണ്ണീർത്തടമാണ് ഭൂമി തരംമാറ്റി കാണിച്ചും വ്യവസായ പാർക്കെന്ന പദ്ധതിയുടെ മറവിലും നികത്തിയിരുന്നത്. പല രേഖകളും റവന്യൂ, കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വ്യാജമായി നേടിയെടുത്തതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.