advocate-aloor

കൊച്ചി: മോഡലിനെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിൽ പ്രതിയായ ഡിംപിൾ ലാംബയ്‌ക്കുവേണ്ടി വക്കാലത്തില്ലാതെ ഹാജരായി കോടതിമുറിയിൽ വാക്കുതർക്കമുണ്ടാക്കിയ സംഭവത്തിൽ അഡ്വ. ബി.എം. ആളൂർ ഉൾപ്പെടെ ആറ് അഭിഭാഷകർക്ക് കേരള ബാർ കൗൺസിൽ കാരണം കാണിക്കൽ നോട്ടീസ് നൽകി.

അഡ്വ. ആളൂർ, അഡ്വ. കെ.പി. പ്രശാന്ത്, അഡ്വ. എസ്. അനുരാജ്, അഡ്വ. കൃഷ്‌ണേന്ദു സുരേഷ്, അഡ്വ. വിഷ്‌ണു ദിലീപ്, അഡ്വ. മുഹമ്മദ് അമീർ എന്നിവർക്കാണ് നോട്ടീസ് നൽകിയത്.

കൂട്ടമാനഭംഗക്കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ നവംബർ 22ന് കോടതി പരിഗണിക്കവേ ഡിംപിളിനുവേണ്ടി അഡ്വ. അഫ്‌സലും അഡ്വ. ആളൂരും ഹാജരായി. ഡിംപിളിന്റെ അഭിഭാഷകനാണെന്ന് ഇരുവരും അവകാശവാദമുന്നയിച്ചത് തർക്കത്തിനിടയാക്കി. അഫ്‌സലിനോട് കോടതിമുറിയിൽനിന്ന് പുറത്തുപോകാൻ ആളൂർ ശബ്ദമുയർത്തി ആവശ്യപ്പെട്ടു. ഈ ഘട്ടത്തിൽ കോടതി ഇടപെട്ട് താക്കീതുനൽകി. അഫ്‌സലിനാണ് വക്കാലത്ത് നൽകിയതെന്ന് ഡിംപിൾ വ്യക്തമാക്കിയതോടെ ആളൂർ പിൻവാങ്ങേണ്ടിയും വന്നു. ഈ സംഭവത്തെത്തുടർന്ന് സ്വമേധയാ പരാതി രജിസ്റ്റർചെയ്താണ് ബാർ കൗൺസിൽ അഡ്വ. ആളൂരിനും ഒപ്പമുള്ള അഭിഭാഷകർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. നോട്ടീസ് ലഭിച്ച് രണ്ടാഴ്‌ചയ്‌ക്കകം കാരണം രേഖാമൂലം അറിയിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.