udf
യു.ഡി.എഫ് പ്രതിഷേധം

കൊച്ചി: ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ 74 കൗൺസിലർമാരും ഒറ്റക്കെട്ടായി പാസാക്കിയ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ളാന്റ് നടത്തിപ്പിനായി അനുവദിച്ച കരാറിൽ അഴിമതി ആരോപണവുമായി​ യു.ഡി.എഫ്. നഗരസഭ കവാടത്തിനു മുന്നിൽ പ്രതിഷേധ യോഗം നടത്തിയ യു.ഡി.എഫ് കൗൺസിലർമാർ മുദ്രാവാക്യം മുഴക്കിയാണ് കൗൺസിൽ യോഗത്തിലേക്ക് എത്തിയത്. നാണം കെട്ട പ്രതിഷേധമെന്ന് ആരോപിച്ച് ഭരണപക്ഷം ഒച്ചവച്ചതോടെ വെള്ളിയാഴ്ച ചേർന്ന കൗൺസിൽ യോഗം അലോങ്കലമായി. ബഹളം രൂക്ഷമായതോടെ വെള്ളക്കെട്ട് ഉൾപ്പെടെ സുപ്രധാന അജണ്ടകൾ പാസായതായി അറിയിച്ച് മേയർ എം. അനിൽകുമാർ യോഗത്തിൽ നിന്നിറങ്ങിപ്പോയി . ബ്രഹ്മപുരം പ്ലാന്റിന്റെ നടത്തിപ്പ് കരാർ നൽകിയ വിഷയത്തിൽ സെക്രട്ടറി ഉൾപ്പെടെ ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞ ദിവസം മൂവാറ്റുപുഴ വിജിലൻസ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സ്വകാര്യ പരാതിയിലായിരുന്നു നടപടി.

* നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലെന്ന് മേയർ

പ്രതിപക്ഷത്തിന്റെയാകെ പിന്തുണയോടെയും വ്യക്തമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലും നൽകിയ ബ്രഹ്മപുരം നടത്തിപ്പ് കരാറിന്മേലാണ് പ്രതിപക്ഷം അനാവശ്യപ്രതിഷേധമുയർത്തിയതെന്ന് മേയർ പറഞ്ഞു. പത്തുവർഷത്തെ യു.ഡി.എഫ് ഭരണത്തിൽ ഒമ്പതുവർഷവും ടെൻഡറില്ലാതെ മുൻ കരാറുകാരൻ തുടർന്നു. എൽ.ഡി.എഫ് അധികാരത്തിൽ വന്ന ശേഷമാണ് സമാനപ്രവൃത്തിപരിചയമുള്ള മറ്റു കരാറുകാർ ഇല്ലാത്ത സാഹചര്യത്തിൽ പ്ലാന്റ് നടത്തിപ്പ് കരാർ പുതിയ കമ്പനിക്ക് നൽകിയതെന്നും മേയർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കരാർ എത്രയും വേഗം നൽകണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി കൂടിയായ കൗൺസിലർ ദീപ്തി മേരി വർഗീസ് ആവശ്യപ്പെട്ടു. മൂന്ന് കൗൺസിലുകളിൽ വിഷയം ചർച്ച ചെയ്തു. ഇതിനിടെ സിംഗിൾ ടെൻഡർ ഉറപ്പിച്ചു നൽകുന്നതിലെ നിയമവശം കോർപ്പറേഷൻ സെക്രട്ടറി പരിശോധിച്ചു. അനുകൂലമായ നിയമോപദേശം കൂടി ലഭിച്ചപ്പോഴാണ് കരാർ നൽകിയത്. കൗൺസിലിൽ ബി.ജെ.പി ഉൾപ്പെടെ തീരുമാനത്തെ അനുകൂലിച്ചു.

എം.ജി. അരിസ്റ്റോട്ടിൽ, വി.കെ. മിനിമോൾ , ഹെൻട്രി ഓസ്റ്റിൻ, സുനിത ഡിക്‌സൻ , എ.ആർ. പത്മദാസ് , അഭിലാഷ് തോപ്പിൽ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

....................................

കരാറിനെ എതിർത്തത് സി.പി.എ മാത്രമാണ്. എന്നാൽ പിന്നീട് അവരും അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു.

മേയർ

മലപ്പുറം, ഒറ്റപ്പാലം നഗരസഭകളിൽ ഖരമാലിന്യ സംസ്‌കരണ പ്രവൃത്തിപരിചയം ഉണ്ടെന്ന് കാട്ടി സ്റ്റാർ കൺസ്ട്രക്ഷൻ കമ്പനി നൽകിയ രേഖകൾ വ്യാജമാണെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. അന്ന് വിയോജന കുറിപ്പ് നൽകിയെങ്കിലും അത് ഫയലിൽ നിന്ന് കാണാതായത് ഗൗരവമുള്ള വി​ഷയമാണ്. ഇതിനെതിരെ ഓംബുഡ്‌സ്മാനെ സമീപിക്കും.

ആന്റണി കുരീത്തറ, പ്രതിപക്ഷ നേതാവ്