പെരുമ്പാവൂർ: കൃഷിവകുപ്പ് നടപ്പിലാക്കിവരുന്ന കേരഗ്രാമം പദ്ധതിയിൽ പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ അശമന്നൂർ ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. നേരത്തെതന്നെ മണ്ഡലത്തിലെ കൂവപ്പടി, രായമംഗലം, വെങ്ങോല, മുടക്കുഴ, ഒക്കൽ പഞ്ചായത്തുക്കളെ തിരഞ്ഞെടുത്തതാണ്. രോഗംമൂലം വിളനാശംവന്ന തെങ്ങുകൾ വെട്ടി പകരം പുതിയതും അത്യുത്പാദന ശേഷിയുള്ളതുമായ തെങ്ങിൻതൈകൾ വയ്ക്കുകയും അതോടൊപ്പം തന്നെ വെട്ടിമാറ്റിയ തെങ്ങിന് നഷ്ടപരിഹാരം ലഭിക്കുന്നതും പദ്ധതിയുടെ നേട്ടമാണ്. തെങ്ങ് ഒന്നിന് ആയിരം രൂപയും തൈകൾക്ക് 50 ശതമാനവുമാണ് നഷ്ടപരിഹാരം ലഭിക്കുക. പദ്ധതിയുടെ ഭാഗമായി ജലസേചനത്തിനുവേണ്ടി കിണർ കുഴിക്കുന്നതിനും ആവശ്യമായ ഇടങ്ങളിൽ പമ്പ് സെറ്റ് സ്ഥാപിക്കുന്നതിനും തെങ്ങിനെ ബാധിക്കുന്ന കൊമ്പൻചെല്ലി മുതലായുള്ള രോഗങ്ങൾ നിയന്ത്രിക്കുന്നതിനും രോഗം ബാധിച്ചതും ഉത്പാദനക്ഷമത കുറഞ്ഞതുമായ തെങ്ങുകൾ വെട്ടിമാറ്റി പകരം പുതിയത് നടുന്നതിന് കർഷകരെ സഹായിക്കും. പഞ്ചായത്തിൽ രൂപീകരിക്കുന്ന സമിതികൾക്ക് മൂല്യവർദ്ധിത ഉത്പന്ന സംരംഭത്തിന് സഹായം നൽകും. പെരുമ്പാവൂർ നഗരസഭയെ കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കൃഷി മന്ത്രിയോട് ആവശ്യപ്പെട്ടതായി എം.എൽ.എ അറിയിച്ചു.