തൃക്കാക്കര: എല്ലാ ഗ്രാമീണ വീടുകളിലും പൈപ്പ് കണക്ഷൻ വഴി കുടിവെള്ളമെത്തിക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട തടസങ്ങൾ നീക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ മന്ത്രി റോഷി അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനം. കാക്കനാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ മന്ത്രി പി. രാജീവും പങ്കെടുത്തു.
നിയോജക മണ്ഡലാടിസ്ഥാനത്തിൽ ഓരോ പഞ്ചായത്തിലെയും പദ്ധതി പുരോഗതി യോഗം വിലയിരുത്തി. ഭൂമി സംബന്ധമായ എല്ലാ തടസങ്ങളും പരിഹരിച്ച് ഡിസംബറിന് മുൻപ് ജോലികൾ ടെൻഡർ ചെയ്യണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിർദേശിച്ചു. അവലോകന യോഗത്തിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അടുത്ത 15 ദിവസത്തിനകം ഇവർ അതത് നിയോജകമണ്ഡലത്തിലെ എം.എൽ.എമാർക്ക് റിപ്പോർട്ട് സമർപ്പിക്കണം. അതിനു ശേഷമുള്ള അടുത്ത 25 ദിവസത്തിനകം എം.എൽ.എ മാർ അതത് നിയോജകമണ്ഡലങ്ങളിലെ പദ്ധതി നടത്തിപ്പ് സംബന്ധിച്ച് സൂക്ഷ്മമായ വിലയിരുത്തൽ നടത്തി വകുപ്പ് മന്ത്രിക്ക് റിപ്പോർട്ട് നൽകണം. ജനുവരി ആദ്യവാരം ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ പദ്ധതി അവലോകനം ചെയ്യും. ജനുവരി അവസാനം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേരും. ജനുവരിക്ക് മുൻപായി എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കണം. കേരളത്തിൽ 40,000 കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് ലഭിച്ചിട്ടുള്ളത്. 35 പഞ്ചായത്തുകളിൽ 100ശതമാനം കുടിവെള്ളമെത്തിക്കാൻ കഴിഞ്ഞു.പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട തടസങ്ങൾ യോഗം അവലോകനം ചെയ്തു. വലിയ തടസങ്ങൾ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
100 ശതമാനം ഗ്രാമീണ വീടുകളിലും കുടിവെള്ളം ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതിയാണിത്. ജില്ലയിൽ 2570 കോടി രൂപയ്ക്കാണ് ഭരണാനുമതി. പദ്ധതി പൂർത്തീകരണത്തിലൂടെ 3,46,467 വീടുകളിൽ ശുദ്ധജലമെത്തിക്കാനാകും. 17.5 ലക്ഷത്തോളം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. മലയോര മേഖലകളിൽ വലിയ മാറ്റത്തിന് കാരണമാകുന്ന പദ്ധതിയാണിതെന്നും മന്ത്രി പറഞ്ഞു.
ഹൈബി ഈഡൻ എം.പി. എംഎൽഎമാരായ കെ.ബാബു, കെ.എൻ. ഉണ്ണികൃഷ്ണൻ, ടി.ജെ. വിനോദ്, ഉമ തോമസ്, അൻവർ സാദത്ത്, മാത്യു കുഴൽ നാടൻ, ജില്ലാ കളക്ടർ ഡോ. രേണു രാജ്, ജില്ലാ വികസന കമ്മീഷണർ ചേതൻ കുമാർ മീണ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരായ പ്രേംജി, പി.എസ് ജോസി ജോസ്, ചീഫ് എൻജിനീയർ ടി.എസ്. സുധീർ, ബോർഡ് അംഗം ഷാജി പാമ്പൂർ, വാട്ടർ അതോറിട്ടി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.