പെരുമ്പാവൂർ: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആധുനിക കാലത്തിനനുസൃതമായ നിർമ്മിതികൾ ഒരുക്കുക എന്നതാണ് സർക്കാരിന്റെ നയമെന്ന് മന്ത്രി ആർ. ബിന്ദു പ്രസ്താവിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെയുള്ള രാഷ്ട്രീയ ഉച്ചത ശിക്ഷ അഭിയാൻ (റൂസ) പദ്ധതി പ്രകാരം പെരുമ്പാവൂർ മാർത്തോമ്മ വനിതാ കോളേജിൽ നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. റവ. ജിജി മാത്യൂസ് അദ്ധ്യക്ഷതവഹിച്ചു.
ബെന്നി ബഹനാൻ എം.പി, മുനിസിപ്പൽ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ, ട്രാവൻകൂർ സിമന്റ്സ് ചെയർമാൻ ബാബു ജോസഫ്, വാർഡ് കൗൺസിലർ ആനി മാർട്ടിൻ, കോളേജ് പ്രിൻസിപ്പൽ ഡോ. സുജോ മേരി വർഗീസ്, ട്രഷറർ പി.കെ. കുരുവിള ,ഡോ. ലിസി ചെറിയാൻ, ഡോ. പൗലോസ് തോമസ് എന്നിവർ പ്രസംഗിച്ചു.
കോളേജിന്റെ നാല്പതാം സ്ഥാപകദിന ആഘോഷ ചടങ്ങുകളിൽ കുന്നംകുളം- മലബാർ ഭദ്രാസന അദ്ധ്യക്ഷൻ ഡോ. തോമസ് മാർ തീത്തോസ് മുഖ്യപ്രഭാഷണം നടത്തി. എം.ജി യൂണിവേഴ്‌സിറ്റി റാങ്ക് ജേതാക്കളെ ചടങ്ങിൽ ജ്യോതിഷ് മോഹൻ ആദരിച്ചു. രണ്ടു കോടി രൂപയാണ് റൂസയിൽനിന്ന് കോളേജിന് ലഭിക്കുന്നത്.