പറവൂർ: വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്തുകളിലെ തീരദേശ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ ദേശീയപാതയിലൂടെ സ്ഥാപിക്കാൻ അനുമതി. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചതാണ് ഇക്കാര്യം. പദ്ധതിയുടെ ഭാഗമായി മുനിസിപ്പൽ കവല വരെയും ടൗൺഹാളിന് സമീപത്ത് നിന്ന് പറവൂർ പാലം വരെയും പുതിയ പൈപ്പ് ഇട്ടിട്ടുണ്ട്. ഈ പൈപ്പുകൾ തമ്മിൽ മുനിസിപ്പൽ കവലയിൽ ദേശീയപാത പൊളിച്ചു യോജിപ്പിക്കാൻ അനുമതി ലഭിക്കാത്തിനാൽ ഇപ്പോഴും പഴയ പൈപ്പിലൂടെയാണു വെള്ളം പമ്പ് ചെയ്യുന്നത്. പഴയ പൈപ്പിലൂടെ കൂടുതൽ പ്രഷറിൽ വെള്ളം പമ്പ് ചെയ്യുമ്പോൾ പൈപ്പ് പൊട്ടുന്നതിനാൽ മാല്യങ്കര, വാവക്കാട് തുടങ്ങിയ തീരദേശ മേഖലകളിൽ കുടിവെള്ളംക്ഷാമം നേരിടുന്നുണ്ട്. റോഡ് പൊളിക്കുന്നതിന് നാഷണൽ ഹൈവേയ്ക്ക് അതോറിറ്റിക്ക് വാർട്ടർ അതോറിറ്റി പണമടച്ചാൽ പൈപ്പുകൾ ബന്ധിപ്പിക്കുന്ന പ്രവർത്തി ആരംഭിക്കാൻ സാധിക്കും. തോന്ന്യകാവ് - തൃക്കപുരം റോഡിലെ നിരന്തരം പൊട്ടിക്കൊണ്ടിരിക്കുന്ന പൈപ്പ് മാറ്റുന്നതിന് സംസ്ഥാന ബഡ്ജറ്റിൽ തുക അനുവദിക്കും. പുത്തൻവേലിക്കരയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള ജലജീവൻ മിഷൻ പ്രവർത്തികളും കണക്കൻകടവ് മണൽ ബണ്ടിന്റെ നിർമ്മാണവും അടിയന്തിരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും പ്രതിപക്ഷനേതാവ് അറിയിച്ചു. വടക്കേക്കര, ചിറ്റാറ്റുകര പ്രദേശം പറവൂർ വാട്ടർ അതോറിറ്റി ഉപ ഓഫീസിന് കീഴിലാക്കണമെന്ന നിർദേശം അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായും പ്രതിപക്ഷനേതാവ് പറഞ്ഞു. കളക്ടറേറ്റിൽ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിന്റേതാണ് തീരുമാനങ്ങൾ.