ആലുവ: ജനങ്ങളുടെ ജീവിത നിലവാരം ഉയരുന്നതാണ് വികസനമെന്നും ഇക്കാര്യത്തിൽ ജനപ്രതിനിധികൾക്കും പൊതുപ്രവർത്തകർക്കും വലിയ പങ്ക് വഹിക്കാൻ കഴിയുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

ആലുവ നഗരസഭ ശതാബ്ദി ആഘോഷ കമ്മിറ്റി നിർധനർക്ക് നിർമ്മിച്ച് നൽകുന്ന നാല് ഭവനങ്ങളുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അധികാരമുള്ളപ്പോൾ ജനപ്രതിനിധികളുടെ വാക്കിന് വിലയുണ്ട്. അത് സാധാരണക്കാരന്റെ കണ്ണീരൊപ്പാനായി ഉപയോഗിക്കണമെന്നും വി.ഡി. സതീശൻ പറഞ്ഞു. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ എം.ഒ. ജോൺ, വൈസ് ചെയർപേഴ്സൺ സൈജി ജോളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഫാസിൽ ഹുസൈൻ, ലിസ ജോൺസൺ, എം.പി. സൈമൺ, ലത്തീഫ് പൂഴിത്തറ, സെക്രട്ടറി മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു. നഗരസഭാ മുൻ ചെയർമാന്മാരായ ഫ്രാൻസിസ് തോമസ്, എം.ടി. ജേക്കബ്, ലിസി എബ്രഹാം, വൈസ് ചെയർമാന്മാരായ എസ്.എൻ. കമ്മത്ത്, ജി. മാധവകുമാർ, വി.പി. ജോർജ് എന്നിവരെയും മുൻ കൗൺസിലർമാരെയും ചടങ്ങിൽ ആദരിച്ചു. അതേസമയം,

ചടങ്ങിൽ നിന്ന് പ്രതിപക്ഷം വിട്ടുനിന്നു. മുൻ ഭരണാധികാരികളെ ആദരിച്ച ചടങ്ങിലും പ്രധാന ഇടത് നേതാക്കൾ പങ്കെടുത്തില്ല. എന്നാൽ മുതിർന്ന സി.പി.എം നേതാവ് കെ.വി.സുധാകരൻ ശാരീരിക അവശതകൾക്കിടയിലും പരസഹായത്തോടെയെത്തി ആദരം ഏറ്റുവാങ്ങി.