പറവൂർ: കരുമാല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളിൽ ഉത്തരവാദിത്ത ടൂറിസംപദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ ഇത് സഹായമാകും. കരുമാല്ലൂർ പഞ്ചായത്തിലെ നർണിത്തോടിന്റെ ശുചീകരണ പ്രവർത്തനങ്ങൾ തോട്ടിലൂടെ സഞ്ചരിച്ച് മന്ത്രി വിലയിരുത്തി.
കാലങ്ങളായി പായലും അഴുക്കും ചെളിയുംമൂടി കരയുംതോടും തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു തോട്. മണ്ഡലത്തിൽ ജലസ്രോതസുകൾ വീണ്ടെടുക്കുന്ന പദ്ധതികളുടെ ഭാഗമായി ഓഞ്ഞിത്തോട്, നർണിത്തോട് തുടങ്ങിയ തോടുകൾ ശുചീകരിക്കുന്നത്. ഏഴര കിലോമീറ്ററാണ് നർണിത്തോട് ശുചീകരിക്കുന്നത്. ജലനിരപ്പ് ആറുമീറ്റർ താഴേക്ക് ലഭിക്കുന്ന രീതിയിലുള്ള മാറ്റംവന്നു. ശരാശരി പത്ത് മീറ്റർ വീതിയാണ് ഇപ്പോൾ തോടിന് ലഭിച്ചിട്ടുള്ളത്. ഡിജിറ്റൽ സർവേയ്ക്കുശേഷം കുറേക്കൂടി വീതികൂട്ടാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
പെരിയാറിന്റെ കൈവഴിയായ നർണിത്തോട്ടിൽ കഴിഞ്ഞ ആഗസ്റ്റിലാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പെരിയാറിൽ ആരംഭിച്ച് പെരിയാറിൽത്തന്നെ അവസാനിക്കുന്ന 7380 മീറ്റർദൈർഘ്യമുള്ള നർണിത്തോടിനെയാണ് പടിഞ്ഞാറൻ പാടശേഖരത്തിലെ കൃഷിക്ക് പ്രധാനമായും ആശ്രയിക്കുന്നത്. അഞ്ച് കിലോമീറ്റർ നീളത്തിൽ കയർഭൂവസ്ത്രം വിരിച്ച് തോടിന്റെ ഭിത്തി സംരക്ഷിക്കും. പതിനഞ്ച് കുളിക്കടവുകളും തോടിന്റെ വിവിധ ഭാഗങ്ങളിൽ നിർമ്മിക്കും.
കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലതാ ലാലു, വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി, അംഗങ്ങളായ ലീനാ ബാബു, ടി.കെ. അയ്യപ്പൻ, പറവൂർ ഇറിഗേഷൻ അസി. എൻജിനിയർ റെജി തോമസ്, ഓവർസിയർ വി.കെ. ധന്യ, എക്‌സിക്യുട്ടീവ് എൻജിനിയർ എൻ. യശോദാദേവി, അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ എസ്. കുമാരി സിന്ധു, പൊലീസ്, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.