
വ്യാഴാഴ്ച തിരുവനന്തപുരത്ത് ഹയാത്ത് റീജൻസി ഹോട്ടലിന്റെ ഉദ്ഘാടന വേളയിൽ അടുത്തടുത്ത ഇരിപ്പിടങ്ങളിലിരുന്നിട്ടും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തിരുവനന്തപുരം എം.പി ഡോ. ശശി തരൂരും നേർക്കുനേരെ നോക്കുകയോ ഒരുവാക്കുപോലും തമ്മിൽ ഉരിയാടുകയോ ചെയ്തില്ലെന്ന കാര്യം പത്രമാദ്ധ്യമങ്ങൾ വലിയ പ്രധാന്യത്തോടെ റിപ്പോർട്ട് ചെയ്തു.
ശശി തരൂരിന്റെ മലബാർ പടയോട്ടം കോൺഗ്രസിലുണ്ടാക്കിയ ഭിന്നത എത്ര ആഴത്തിലുള്ളതാണെന്ന് ഈ സംഭവം ബോദ്ധ്യപ്പെടുത്തുന്നു. വളരെ വലിയ അഭിപ്രായ വ്യത്യാസം നിലവിലുള്ളപ്പോഴും കെ.കരുണാകരനും എ.കെ. ആന്റണിയും തമ്മിൽ കണ്ടാൽ മുഖംതിരിക്കുകയോ അന്യോന്യം സംസാരിക്കാതിരിക്കുകയോ ഉണ്ടായിട്ടില്ല. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും അങ്ങനെതന്നെ ആയിരുന്നു. രാഷ്ട്രീയത്തിലെ ബദ്ധവൈരികൾ പോലും പൊതുവേദിയിൽ കണ്ടാൽ പരസ്പരം സംസാരിക്കാനും കുശലം പറയാനും മടിക്കാറില്ല. ദീർഘകാലം കേരള രാഷ്ട്രീയത്തെ നിയന്ത്രിച്ച കെ.കരുണാകരനും ഇ.കെ. നായനാരും വ്യക്തിപരമായി വളരെ അടുപ്പവും സ്നേഹവും കാത്തുസൂക്ഷിച്ചിരുന്നു. ഗുജറാത്ത് ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ബി.ജെ.പി നേതാവായിരിക്കുമ്പോഴും ഇപ്പോഴും ചില മുസ്ലിം സമുദായ സംഘടനകളോടും നേതാക്കളോടും പുലർത്തുന്ന സ്നേഹബന്ധം സവിശേഷമാണ്. അവർക്ക് അദ്ദേഹത്തോടുള്ള അടുപ്പവും അതുപോലെ തന്നെ. ഇത്തരം സുജന മര്യാദകളോ രാഷ്ട്രീയത്തിലെ കീഴ്വഴക്കങ്ങളോ അറിയാത്തവരല്ല വി.ഡി. സതീശനും ശശി തരൂരും. ദീർഘകാലത്തെ പൊതുപ്രവർത്തന പരിചയവും പാരമ്പര്യവും ഉള്ളവരാണ്. കുറഞ്ഞപക്ഷം മാദ്ധ്യമങ്ങൾ ഇതെങ്ങനെ റിപ്പോർട്ട് ചെയ്യുമെന്ന കാര്യം ആലോചിക്കാനുള്ള വിവേകമെങ്കിലും അവർക്ക് ഉണ്ടാകേണ്ടതായിരുന്നു.
വി.ഡി.സതീശൻ ആൾ ചില്ലറക്കാരനല്ല. തേവര എസ്.എച്ച് കോളേജിൽ കെ.എസ്.യു പ്രവർത്തകനായി രാഷ്ട്രീയജീവിതം ആരംഭിച്ചയാളാണ്. സർവകലാശാല യൂണിയൻ ചെയർമാനായിരുന്നു. പിന്നീട് എൻ.എസ്.യുവിന്റെ ഭാരവാഹിയുമായിരുന്നു. കമ്മ്യൂണിസ്റ്റ് കോട്ട എന്നു പറയാവുന്ന പറവൂർ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം തുടർച്ചയായി നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. ആദിയിൽ ഐഗ്രൂപ്പ് കരനായിരുന്നു എങ്കിൽ പിന്നീട് തിരുത്തൽ വാദിയായി, പിന്നെ അവരോടും വിടപറഞ്ഞ് ഒറ്റയാനായി പ്രവർത്തിച്ചു. ഇപ്പോൾ ഗ്രൂപ്പുകൾക്കതീതമായി പാർട്ടി പ്രവർത്തകരുടെയും എം.എൽ.എമാരുടെയും പിന്തുണയുണ്ട്. 2021ൽ ഉമ്മൻചാണ്ടിയും എ ഗ്രൂപ്പും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെയാണ് പിന്തുണച്ചത്. എങ്കിലും യുവ എം.എൽ.എമാരുടെ പിന്തുണയോടെ സതീശൻ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. എണ്ണം പറഞ്ഞ പാർലമെന്റേറിയനാണ് സതീശൻ. നിയമസഭയെ പോരാട്ടവേദിയാക്കാൻ അദ്ദേഹത്തിനു സാധിച്ചു. കെ.പി.സി.സി അദ്ധ്യക്ഷനായി കെ.സുധാകരൻ കൂടി വന്നതോടെ പാർട്ടിയുടെ പ്രവർത്തനം കുറേക്കൂടി സജീവമായി. സതീശൻ-സുധാകരൻ ടീം ഒത്തൊരുമയോടെ പ്രവർത്തിച്ചു. സംസ്ഥാനത്ത് പാർട്ടി പ്രവർത്തനം ഊർജിതമായി. കോൺഗ്രസിന്റെ ആഭ്യന്തരകാര്യങ്ങൾ കൂടി ഘടകകക്ഷികൾ തീരുമാനിക്കുന്ന സമ്പ്രദായം അവർ അവസാനിപ്പിച്ചു. സാധാരണ പ്രവർത്തകരുടെ ആത്മാഭിമാനം വീണ്ടെടുക്കാൻ അതു വലിയൊരു പരിധിവരെ സഹായിച്ചു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പായിരുന്നു സതീശൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. അവിടെ കോൺഗ്രസ് സ്ഥാനാർത്ഥി തോറ്റിരുന്നെങ്കിൽ അദ്ദേഹത്തിന്റെ പ്രതിപക്ഷ നേതൃപദവിപോലും ചോദ്യം ചെയ്യപ്പെടുമായിരുന്നു. എന്നാൽ അന്തരിച്ച പി.ടി. തോമസിന്റെ സഹധർമ്മിണിയെ സ്ഥാനാർത്ഥിയാക്കിയും ജില്ലയിലെ മുഴുവൻ പ്രവർത്തകരെ ഏകോപിപ്പിച്ചും സതീശൻ ഒന്നാന്തരമായി പ്രചാരണം സംഘടിപ്പിച്ചു. ഇടതുമുന്നണിയുടെ പണക്കൊഴുപ്പിനെയും താരബാഹുല്യത്തെയും സർവോപരി സമുദായിക ധ്രുവീകരണ ശ്രമത്തെയും പരാജയപ്പെടുത്തി. റെക്കാഡ് ഭൂരിപക്ഷത്തോടെ ഉമ തോമസ് വിജയിച്ചു. തൃക്കാക്കരയിൽ കോൺഗ്രസ് പരാജയപ്പെട്ടിരുന്നെങ്കിൽ ഒരുപക്ഷേ യു.ഡി.എഫ് തന്നെ ശിഥിലമായി പോകുമായിരുന്നു. മനമങ്ങും മിഴിയിങ്ങുമായി നിൽക്കുന്ന ചില ഘടകകക്ഷികളെങ്കിലും ഇടതുമുന്നണിയിൽ ചേക്കേറാൻ സാദ്ധ്യതയുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് വിജയം നൽകിയ ആത്മവിശ്വാസത്തോടെ കോൺഗ്രസ് ജനകീയ വിഷയങ്ങൾ ഏറ്റെടുത്തു. സിൽവർലൈൻ അടക്കം സർക്കാരിന്റെ നയവൈകല്യങ്ങൾ തുറന്നുകാട്ടാൻ തുടങ്ങി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പോടെ ഗ്രൂപ്പ് മാനേജർമാർക്ക് പ്രസക്തിയില്ലാതായി, കെ.വി. തോമസിനെ പോലെയുള്ള നേതാക്കളും അപ്രസക്തരായി.
ഡോ.ശശി തരൂരും മോശക്കാരനല്ല. അദ്ദേഹം ഉന്നത ബിരുദധാരിയാണ്, ഐക്യരാഷ്ട്രസഭയിൽ ഉയർന്ന പദവികൾ വഹിച്ചയാളാണ്, പ്രഭാഷകനും ഗ്രന്ഥകാരനുമാണ്; ലോകപ്രശസ്ത ബുദ്ധിജീവിയുമാണ്. കെ.എസ്. യുവിലോ യൂത്ത് കോൺഗ്രസിലോ കൂടി രാഷ്ട്രീയത്തിൽ വന്നയാളല്ല. കോൺഗ്രസ് പാർട്ടി സ്പോൺസർ ചെയ്ത പ്രതിഭയാണ് ഡോ. തരൂർ. വിശ്വപൗരൻ എന്നുമുണ്ട് വിശേഷണം. തിരുവനന്തപുരത്തു നിന്ന് മൂന്നു തവണ ലോക്സഭയിലേക്കു വിജയിച്ചെങ്കിലും സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് ഉൾക്കൊള്ളാൻ കഴിയാത്ത എന്തൊക്കെയോ മേന്മകൾ അദ്ദേഹത്തിനുണ്ട്. അതേസമയം തരൂരിനെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം തിരുവനന്തപുരത്തു മാത്രമല്ല രാജ്യത്തെമ്പാടുമുണ്ട്. അദ്ദേഹം എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചപ്പോഴും ഇതേ വികാരം പ്രകടമായിരുന്നു. രാഷ്ട്രീയത്തിനതീതമായി ബൗദ്ധിക തലത്തിൽ വലിയ പിന്തുണ തരൂരിനു ലഭിച്ചു. നെഹ്റു- ഗാന്ധി കുടുംബത്തിന്റെയോ പാർട്ടിയിലെ വിമത നേതാക്കളുടെയോ പിന്തുണയില്ലാതിരുന്നിട്ടും ആയിരത്തിലധികം വോട്ടുകൾ നേടാൻ അദ്ദേഹത്തിനു സാധിച്ചു. പരാജയത്തിലും തരൂരായിരുന്നു താരമെന്ന് അദ്ദേഹത്തിന്റെ എതിരാളികൾ പോലും സമ്മതിക്കും.
കേരളത്തിലെ കോൺഗ്രസുകാർക്കിടയിൽ വലിയ സ്വാധീനമുള്ളയാളായി സമീപദിവസം വരെ തരൂരിനെ ആരും കണക്കാക്കിയിരുന്നില്ല. അദ്ദേഹത്തിന്റെ വിശ്വപൗരൻ പ്രതിച്ഛായ ആകാം അതിനു കാരണം. പരമ്പരാഗതമായ ഏതെങ്കിലും ഗ്രൂപ്പുമായി ചേർന്നു പ്രവർത്തിക്കുന്ന ആളുമല്ല ശശി തരൂർ. അദ്ദേഹം സകല വിഭാഗീയതകൾക്കും അതീതനാണെന്നാണ് സങ്കൽപം. എ.ഐ.സി.സി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ഹൈബി ഈഡനെയും ശബരീനാഥനെയും പോലെ ഏതാനും യുവനേതാക്കൾ അദ്ദേഹത്തെ പിന്തുണച്ചു. കോഴിക്കോട് എം.പി എം.കെ.രാഘവൻ തരൂരിന്റെ ശക്തനായ പിന്തുണക്കാരനായിരുന്നു. കോൺഗ്രസിൽ ഒരു 'ടി' ഗ്രൂപ്പ് ഉണ്ടാകാനുള്ള സാദ്ധ്യത അന്നുതന്നെ ചില നിരീക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അത് ഇത്രവേഗം നടക്കുമെന്ന് ആരും കരുതിയില്ല. ശശി തരൂർ കെ.പി.സി.സിയിൽ ഭിന്നതയുണ്ടാക്കുമെന്നോ പുതിയ ഗ്രൂപ്പിനു വഴിമരുന്നിടുമെന്നോ അധികം പേരും കരുതിയില്ല.
അങ്ങനെയൊരു പശ്ചാത്തലത്തിലാണ് കോഴിക്കോട്ട് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടി വളരെ പെട്ടെന്ന് വിവാദമായത്. ഡി.സി.സി പ്രസിഡന്റ് ഇടപെട്ട് പരിപാടിക്കു വിലക്ക് കൽപ്പിച്ചെങ്കിലും എം.കെ.രാഘവൻ മുൻകൈയെടുത്ത് മറ്റൊരു സംഘടനയുടെ ആഭിമുഖ്യത്തിൽ അതേപരിപാടി അതേസ്ഥലത്ത് അതേസമയത്ത് സംഘടിപ്പിച്ചു. തരൂർ മലപ്പുറം ഡി.സി.സി ഓഫീസ് സന്ദർശിച്ചപ്പോൾ മുതിർന്ന നേതാക്കളിൽ പലരും അങ്ങോട്ട് എത്തിനോക്കിയില്ല. അതിനുശേഷം പാണക്കാട്ട് ചെന്ന തരൂരിന് സ്നേഹോഷ്മളമായ സ്വീകരണം ലഭിച്ചു. മറ്റിടങ്ങളിലും അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ ആളേറെ കൂടി. മുസ്ലിം ലീഗുകാർ മാത്രമല്ല, കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പും സി.എം.പിയും അടക്കം മറ്റു ഘടകകക്ഷികളും തരൂരിനെ ആദരപൂർവം സ്വാഗതം ചെയ്തു. ഘടകകക്ഷികളുടെ കൂടി പിന്തുണയോടെ തരൂർ കോൺഗ്രസ് നേതൃത്വത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന് കിംവദന്തി പരന്നു. വി.ഡി. സതീശൻ രൂക്ഷമായി പ്രതികരിച്ചു. കെ.പി.സി.സി അദ്ധ്യക്ഷൻ പരസ്യപ്രതികരണങ്ങൾക്കു വിലക്കു കൽപിച്ചെങ്കിലും ഫലമുണ്ടായില്ല. അതേസമയം, ടെലിവിഷൻ ചാനലുകൾ രാത്രി എട്ടിന് ചർച്ച സംഘടിപ്പിച്ചു. പത്രങ്ങളും വളരെയധികം സ്ഥലം കോൺഗ്രസിലെ പ്രതിസന്ധിക്കുവേണ്ടി മാറ്റിവച്ചു. ഒടുവിൽ വി.ഡി. സതീശനും ശശിതരൂരും തമ്മിൽ കണ്ടാൽ മിണ്ടാത്ത അവസ്ഥവരെ സംജാതമായി.
സത്യത്തിൽ ശശി തരൂരിനെ പോലെ ഒരു വിശ്വപൗരന് കൊത്തംകല്ല് കളിക്കാൻ പറ്റിയതല്ല കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം. ഇവിടെ ഗ്രൂപ്പ് സമവാക്യങ്ങൾ പോലെ പ്രധാനമാണ് വിവിധ മത മേലദ്ധ്യക്ഷന്മാരുടെയും സാമുദായിക നേതാക്കളുടെയും ഇടപെടലുകൾ. കോൺഗ്രസിനെ വിഴുങ്ങാൻ നിൽക്കുന്ന ഘടകകക്ഷികൾ വേറെയുമുണ്ട്. കല്ലു കരട് കാഞ്ഞിരക്കുറ്റി മുള്ള് മുരട് മൂർഖൻ പാമ്പ് എന്നു പറഞ്ഞപോലെയുള്ള ഘോര കാന്താരമാണ് ഐക്യജനാധിപത്യ മുന്നണി. അതിൽത്തന്നെ സങ്കീർണമായ രാഷ്ട്രീയ പ്രഹേളികയാണ് കോൺഗ്രസ് പാർട്ടി. കെ. കരുണാകരനെപ്പോലെ മെയ്യ് കണ്ണാക്കിയ അഭ്യാസികൾക്കും ഉമ്മൻചാണ്ടിയെപ്പോലെയുള്ള സൂത്രശാലികൾക്കും വരെ പലപ്പോഴും അടവു പിഴച്ചിട്ടുണ്ട്. എ.കെ.ആന്റണിയെപ്പോലെയുള്ള ശുദ്ധഗതിക്കാരുടെ കാര്യം പറയാനുമില്ല. കോൺഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളിൽ പഴയപോലെ കൈകടത്താമെന്ന പ്രത്യാശയോടെയാണ് പല ഘടകകക്ഷിനേതാക്കളും തരൂരിനെ പിന്തുണയ്ക്കുന്നത്. അവർക്ക് ശശി തരൂരിനോടോ കോൺഗ്രസിനോടോ എന്തെങ്കിലും പ്രതിപത്തി ഉള്ളതുകൊണ്ടല്ല. ചുരുക്കിപ്പറഞ്ഞാൽ തരൂരിന്റെ അജൻഡയല്ല അദ്ദേഹത്തോടൊപ്പമുള്ളവരുടേത്. പലരും പല കണക്കുകളും തീർക്കാൻ ഈ അവസരം ഉപയോഗിക്കുന്നുവെന്നു മാത്രം. അതേസമയം, സംസ്ഥാനത്തെ മദ്ധ്യവർഗക്കാരിൽ, വിശേഷിച്ച് വിദ്യാസമ്പന്നരായ യുവാക്കൾക്കിടയിൽ തരൂരിനുള്ള വലിയ സ്വാധീനം വിസ്മരിക്കാനും വയ്യ. അഭ്യസ്തവിദ്യരായ യുവാക്കളെ കോൺഗ്രസിന്റെ കൊടിക്കീഴിൽ കൊണ്ടുവരാൻ തരൂരിനെ പാർട്ടി പ്രയോജനപ്പെടുത്തുകയാണു വേണ്ടിയിരുന്നത്. ശരിയായ സമയത്ത് തെറ്റായ തീരുമാനമെടുക്കാൻ കോൺഗ്രസ് നേതാക്കൾക്കുള്ള വൈഭവം അന്യാദൃശമാണ്. അതുപോലൊരു ചരിത്രമുഹൂർത്തത്തിനാണ് കേരളരാഷ്ട്രീയം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.