കൊച്ചി: പോളിസിയെടുത്തപ്പോൾ മുൻകാല രോഗം മറച്ചുവച്ചെന്ന കാരണത്താൽ ചികിത്സച്ചെലവ് നിഷേധിക്കാനാവില്ലെന്ന് എറണാകുളം ജില്ല ഉപഭോക്തൃ കോടതി വിധിച്ചു. ചികിത്സച്ചെലവായ 93,614 രൂപയും 25,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതിച്ചെലവും പരാതിക്കാരിയായ കാക്കനാട് സ്വദേശി വിജയലക്ഷ്മി നായർക്ക് (65) നൽകണം. ഡി.ബി.ബിനു അദ്ധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയാണ് ഒരുപാടുപേർക്ക് ആശ്വാസമാകുന്ന വിധി പുറപ്പെടുവിച്ചത്.
2013ൽ ജീവൻ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ചേർന്ന പരാതിക്കാരി സ്വകാര്യ ആശുപത്രിയിൽ 2017ൽ സർജറി നടത്തിയതിനു സമർപ്പിച്ച ബില്ല്,രോഗം മറച്ചുവച്ചാണ് പോളിസി എടുത്തതെന്ന കാരണം പറഞ്ഞ് എൽ.ഐ.സി 2018ൽ നിരാകരിക്കുകയായിരുന്നു.