കൊച്ചി: മുൻകാല രോഗം മറച്ചുവച്ച് പോളിസി എടുത്തെന്ന കാരണംപറഞ്ഞ് ചികിത്സാചെലവ് നിഷേധിച്ച എൽ.ഐ.സിയുടെ നടപടി നിയമ വിരുദ്ധമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി. ചികിത്സാച്ചെലവായ 93,614 രൂപയും 25,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതിച്ചെലവും പരാതിക്കാരിക്ക് നൽകാൻ ഡി.ബി.ബിനു അദ്ധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടു.

കാക്കനാട് സ്വദേശി വിജയലക്ഷ്മി നായരുടെ (65) പരാതിയിലാണ് വിധി. 2013ൽ ഇവർ ജീവൻ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ചേർന്നു. സ്വകാര്യ ആശുപത്രിയിൽ 2017ൽ സർജറി നടത്തിയതിന് സമർപ്പിച്ച ബില്ല്,രോഗം മറച്ചുവച്ചാണ് പോളിസി എടുത്തതെന്ന കാരണം പറഞ്ഞ് എൽ.ഐ.സി 2018ൽ നിരാകരിക്കുകയായിരുന്നു.

മെഡിക്കൽ പരിശോധനയ്ക്കു ശേഷമാണ് എൽ.ഐ.സി പോളിസി സ്വീകരിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. ക്ളെയിം സമർപ്പിച്ച് അഞ്ച് വർഷത്തിനു ശേഷം ദുർബലമായ കാരണങ്ങൾ പറഞ്ഞ് അർഹതപ്പെട്ട തുക നിരസിക്കുന്നത് അന്യായമാണ്. 30 ദിവസത്തിനകം പരാതിക്കാരിക്ക് തുക നൽകാനും നിർദ്ദേശിച്ചു.