 
മൂവാറ്റുപുഴ: പൊലീസ് സ്റ്റേഷൻ അടിപൊളിയാക്കുവാനുള്ള തിരക്കിലാണ് മൂവാറ്റുപുഴയിലെ പൊലീസുകാർ. സ്റ്റേഷനകത്തും പുറത്തും പൂന്തോട്ടം ഒരുക്കി വർണക്കാഴ്ചയൊരുക്കുന്നതോടൊപ്പം സുഗന്ധപൂരിതമാക്കുക കൂടിയാണ് ലക്ഷ്യം.
സ്റ്റേഷൻ ഹൗസ് ഇൻസ്പെക്ടർ സി.എൻ. രാജേഷിന്റെ നിർദ്ദേശ പ്രകാരം പി.ആർ.ഒ ആർ. അനിൽകുമാറിന്റെ നേതൃത്വത്തിലാണ് ഇൻഡോർ, ഔട്ട്ഡോർ ചെടികൾ കൊണ്ട് സ്റ്റേഷനിൽ പൂന്തോട്ടം ഒരുക്കുന്നത്. നൂറോളം ചെടിച്ചട്ടികളിലായി വിലകൂടിയ വിവിധ തരം ചെടികൾ വാങ്ങിയാണ് നട്ടു പരിപാലിക്കുന്നത്.
ജൈവവളം ഇട്ട് ചെടികൾ നനക്കുന്നതിനും പരിപാലിക്കുന്നതിനുമായി പൊലീസ് ഉദ്യോഗസ്ഥർ സമയം കണ്ടെത്തും.
സ്റ്റേഷനകത്ത് പ്രത്യേകം സ്റ്റാൻഡ് തയ്യാറാക്കിയ ശേഷം അതിലാണ് ചെടിച്ചട്ടികൾ സ്ഥാപിച്ചിരിക്കുന്നത്. സ്റ്റേഷൻ കെട്ടിടത്തിനു പുറത്തു ചുറ്റും ചെടികൾ കൊണ്ട് നിറയ്ക്കും. മുൻപ് സ്റ്റേഷൻ പരിസരത്ത് പച്ചക്കറിക്കൃഷി നടത്തി റെക്കാഡ് വിളവെടുപ്പ് നടത്തിയിരുന്നു. പൊലീസ് സ്റ്റേഷൻ തന്നെ പൂങ്കാവനമായി മാറ്റി പൂക്കൃഷിയിലും റെക്കാഡ് നേടുകയെന്നതാണ് ഉദ്യോഗസ്ഥരുടെ ലക്ഷ്യം. ഏഴ് വർണങ്ങളിൽ പൂക്കൾ വിരിയുന്ന ബോഗൻ വില്ല സ്റ്റേഷനിലെത്തുന്നവർക്ക് നയനമനോഹര കാഴച്ചയൊരുക്കുമെന്ന് പി .ആർ.ഒ ആർ.അനിൽകുമാർ പറഞ്ഞു.