police
വാഴക്കുളം ടൗണിൽ പൊതുജന പങ്കാളിത്തത്തോടെ സ്ഥാപിച്ചിട്ടുളള നിരീക്ഷണ കാമറകളുടെ പ്രവർത്തനോദ്ഘാടനം മൂവാറ്റുപുഴ ഡിവൈ.എസ്.പി എസ്.മുഹമ്മദ് റിയാസ് നിർവഹിക്കുന്നു

മൂവാറ്റുപുഴ: വാഴക്കുളം ടൗണിൽ പൊലീസിന്റെ നിരീക്ഷണ കാമറകൾ പ്രവർത്തന സജ്ജമായി. പൊതുജന പങ്കാളിത്തത്തോടെ സ്ഥാപിച്ചിട്ടുളള നിരീക്ഷണ കാമറകളുടെ പ്രവർത്തനോദ്ഘാടനം ഡിവൈ.എസ്.പി എസ്.മുഹമ്മദ് റിയാസ് നിർവഹിച്ചു.

പന്ത്രണ്ട് കാമറകളാണ് ഒന്നാംഘട്ടത്തിൽ പ്രവർത്തനസജ്ജമായിട്ടുളളത്. ആവോലിമുതൽ വാഴക്കുളം ടൗൺ ഉൾപ്പെടെയുളള സ്ഥലങ്ങളിൽ 24 മണിക്കൂറും പൊലീസിന്റെ നിരീക്ഷണം ലഭിക്കത്തക്കവിധമാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. കുറ്റകൃത്യങ്ങൾ ഒരുപരിധിവരെ തടയുകയാണ് ലക്ഷ്യം. അടുത്തഘട്ടത്തിൽ അച്ചൻകവല, നീറംപുഴ കവല, നടുക്കര, പിരളിമറ്റം ഉൾപ്പെടെയുളള സ്ഥലങ്ങളിൽ കൂടി കാമറ സ്ഥാപിക്കും.

മഞ്ഞളളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ്, ആവോലി പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസ്, ആവോലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് തെക്കുംപുറം, മഞ്ഞള്ളൂർ പഞ്ചായത്ത് മെമ്പർ സുധാകരൻ, ജോസ് പെരുമ്പിള്ളിക്കുന്നേൽ, സിജു സെബാസ്റ്റ്യൻ, ജോർജ് വർഗീസ്‌, സബ് ഇൻസ്പെക്ടർമാരായ ടി.കെ. മനോജ്, കെ.ജെ. ഷാജി എന്നിവരും വാഴക്കുളം മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ, ഡ്രൈവേഴ്സ് യൂണിയൻ അംഗങ്ങൾ, രാഷ്ട്രീയകക്ഷി നേതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.