
കൊച്ചി: കരൾ രോഗത്താൽ ഗുരുതരാവസ്ഥയിലായ പിതാവിന് കരൾ പകുത്തു നൽകാൻ പ്രത്യേകാനുമതി തേടി പ്രായപൂർത്തിയാകാത്ത മകൾ നൽകിയ ഹർജിയിൽ കുട്ടി മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്‌ടർ മുമ്പാകെ ഹാജരാകാനും മൂന്നു ദിവസത്തിനുള്ളിൽ ഡയറക്‌ടർ തീരുമാനമെടുക്കാനും ഹൈക്കോടതി നിർദ്ദേശം.
തൃശൂർ കോലഴി സ്വദേശി പി.പി. ദേവനന്ദ (17) നൽകിയ ഹർജിയിൽ ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് ഇടക്കാല ഉത്തരവു നൽകിയത്. ഹർജി നവംബർ 30നു വീണ്ടും പരിഗണിക്കും. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് പിതാവ് പി.ജി. പ്രതീഷ്. 1994ലെ അവയവമാറ്റ നിയമപ്രകാരം, പ്രായപൂർത്തിയാകാതെ അവയവങ്ങൾ ദാനം ചെയ്യുന്നതിന് കർശന വിലക്കുള്ളതിനാലാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ ബന്ധപ്പെട്ട അതോറിട്ടിയുടെയും സർക്കാരിന്റെയും മുൻകൂർ അനുമതിയോടെ അവയവമാറ്റം നടത്താമെന്ന് ചട്ടത്തിലുണ്ടെന്നും ഇതിനുള്ള അതോറിട്ടിയായി മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറെയാണ് സർക്കാർ നിയോഗിച്ചിട്ടുള്ളതെന്നും സർക്കാരിന്റെ അഭിഭാഷകൻ വിശദീകരിച്ചതിനെ തുടർന്നാണ് ഹൈക്കോടതി നിർദ്ദേശം.
ജഡ്ജിയുടെ വാഹനത്തിൽ
പെയിന്റ് ഒഴിച്ച കേസിൽ
പ്രതിക്ക് 2വർഷം തടവ്
കൊച്ചി: ഹൈക്കോടതി ജഡ്ജി വി. ഷേർസിയുടെ ഔദ്യോഗിക വാഹനത്തിൽ കറുത്ത പെയിന്റ് ഒഴിച്ച കേസിലെ പ്രതിക്ക് മജിസ്ട്രേറ്റ് കോടതി 2 വർഷം തടവുശിക്ഷ വിധിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ആർ. രഘുനാഥൻ നായർ (55) ആണ് ശിക്ഷിക്കപ്പെട്ടത്. 2021 ഫെബ്രുവരി 3ന് രാവിലെ ജഡ്ജിയുടെ വാഹനം ഹൈക്കോടതിയിലേക്കു പോകുമ്പോഴാണ് പ്രതി വാഹനത്തിൽ പെയിന്റ് ഒഴിച്ചത്. 47,755 രൂപയുടെ നഷ്ടം കണക്കാക്കിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി എ.പി.പി നമിത ജാതവേദൻ ഹാജരായി.