fest

പറവൂർ: വടക്കേക്കര എച്ച്.എം.ഡി.പി സഭ മൂത്തകുന്നം എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളി​ൽ റവന്യൂജി​ല്ലാ സ്കൂൾ കലോത്സവത്തി​ന് നാളെ തി​രി​തെളി​യും. ഇന്ന് രാവിലെ 11 മണിക്ക് മൂത്തകുന്നം എസ്.എൻ.എം ബി.എഡ് കോളജിൽ രജിസ്ട്രേഷൻ ആരംഭിക്കും. നാളെ രാവിലെ പത്തിന് എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ പതാക ഉയർത്തും. ആദ്യം രചനാ മത്സരങ്ങൾ നടക്കും.

അഞ്ച് ദിവസങ്ങളി​ലായി മൂന്നൂറിലധികം ഇനങ്ങളിലാണ് മത്സരം. കൂടുതൽ വിദ്യാർത്ഥികൾ ആലുവ ഉപജില്ലയിൽ നിന്നാണ്,​ 596 പേർ. 366 പേർ പങ്കെടുക്കുന്ന കല്ലൂ‌ർക്കാട് ഉപജില്ലയിൽ നിന്നാണ് കുറവ് മത്സരാർത്ഥികൾ. വിദ്യാർത്ഥികളും അദ്ധ്യാപകരും ടീം മാനേജർമാരും ഉൾപ്പെടെ 11,114 പേർ അഞ്ച് ദിവസങ്ങളിലായി മൂത്തകുന്നത്തെത്തും.

എസ്.എൻ.എം ഓഡിറ്റോറിയത്തി​ൽ ഉച്ചയ്ക്കും രാത്രിയും എല്ലാവർക്കും ഭക്ഷണം നൽകും. രാവിലെയും വൈകിട്ടും ഒഫിഷ്യൽസിന് മാത്രമാണ് ഭക്ഷണം. ഹരിത പ്രോട്ടോക്കോൾ പാലിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക്, പേപ്പർ പ്ലേറ്റുകളും ഗ്ലാസുകളും ഒഴിവാക്കിയിട്ടുണ്ട്.
29ന് രാവിലെ ഒമ്പതിനാണ് കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം. ഡിസംബർ രണ്ടിന് വൈകിട്ട് നാലിന് സമാപിക്കും. ഉദ്ഘാടന, സമാപന സമ്മേളനങ്ങളുടെ ഭാഗമായി സാംസ്കാരിക പരിപാടികൾ അരങ്ങേറുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എ.എസ്. അനിൽകുമാർ, കൺവീനർ പി.എം. ഷൈനി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.