pwd-foodpath

ആലുവ: റെയിൽവേ സ്റ്റേഷൻ സ്ക്വയർ മുതൽ ജില്ലാ ആശുപത്രി കവലവരെ നടപ്പാത ഭിക്ഷാടന - കഞ്ചാവ് മാഫിയ കൈയേറിയതോടെ കാൽനടയാത്രക്കാർ ദുരിതത്തിലായി. ടൂറിസ്റ്റ് ടാക്സിസ്റ്റാൻഡ് പരിസരത്തെ മറ്റ് സാമൂഹികവിരുദ്ധരുടെ ശല്യവുമേറിയതോടെ കാൽനട യാത്രക്കാരുടെ ദുരിതം ഇരട്ടിയായി.

അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായും പരാതിയുണ്ട്. കഴിഞ്ഞദിവസം സഹികെട്ട യാത്രക്കാർ ഇത്തരം സംഘങ്ങളെ മുന്നറിയിപ്പ് നൽകി ഓടിച്ചെങ്കിലും വീണ്ടും പ്രത്യക്ഷപ്പെടുന്നതായാണ് ആക്ഷേപം.

രാവിലെ ആറരയോടെ ഭിക്ഷാടനമാഫിയ റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, ജില്ലാ ആശുപത്രി എന്നിവയുടെ മുന്നിലും നടപ്പാതകളിലുമായി ഇവരെ എത്തിക്കുകയാണ്. സന്ധ്യവരെ ഇവരുടെ സാന്നിദ്ധ്യമുണ്ടാകും. മുനിസിപ്പൽ സ്റ്റാൻഡിനകത്ത് ബസുകളിൽ കയറി പണം പിരിക്കുന്ന സംഘങ്ങളുമുണ്ട്. ഇത്തരക്കാർ വിശ്രമിക്കാനായി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനെയും സ്വകാര്യ ബസ് സ്റ്റാൻഡിനെയും ബന്ധിപ്പിക്കുന്ന റെയിൽവേ ഓവർ ബ്രിഡ്ജിലാണ് തമ്പടിക്കുന്നത്. അതിനാൽ ഇതുവഴി കാൽനടയാത്ര ചെയ്യാൻ സ്ത്രീകളും വിദ്യാർത്ഥികളുമടങ്ങുന്നവർക്ക് ബുദ്ധിമുട്ടായി.

ലോട്ടറി വില്പനക്കാരും തെരുവുകച്ചവടക്കാരും ഇതേ വഴിയിൽ മാർഗ്ഗതടസമുണ്ടാക്കിയാണ് നിൽക്കുന്നത്. റെയിൽവേ സ്റ്റേഷന് മുന്നിൽ മദ്യപസംഘങ്ങളേയും കാണാം. വരിവരിയായി ഇരുചക്രവാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്തിരിക്കുന്നത് കാൽനടയാത്രക്കാരെ ചെറുതായൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. പെരുമ്പാവൂരിൽ വ്യാപാരികൾക്കും യാത്രക്കാർക്കും ശല്യമായതോടെ സംഘങ്ങളെ താക്കീത് നൽകി ഒഴിവാക്കിയിരുന്നു. ഇവർ ആലുവയിലേക്ക് കുടിയേറിയതായാണ് വ്യാപാരികൾ പറയുന്നത്. കഴിഞ്ഞ ദിവസം ബ്രോക്കർമാർ തമ്മിൽ പട്ടാപ്പകൽ കൈയേറ്റം നടന്നിരുന്നു.

ടൂറിസ്റ്റ് ടാക്സി സ്റ്റാൻഡിന് സമീപമാണ് അനാശാസ്യക്കാർ തമ്പടിക്കുന്നത്. തനിച്ചുപോകുന്ന വിദ്യാർത്ഥികളെവരെ ഇവർ വശീകരിച്ച് കൊണ്ടുപോയി പണം പിടിച്ചുവാങ്ങുന്നതായും പരാതിയുണ്ട്. ഇത് സംബന്ധിച്ച് പരിസരത്തെ ടാക്സിക്കാർ ആലുവ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് പട്രോളിംഗ് ഊർജിതമാക്കണമെന്നാണ് വ്യാപാരികളുടെയും ടാക്സി - ഓട്ടോ ഡ്രൈവർമാരുടെയും ആവശ്യം.