കളമശേരി: നാല് പതിറ്റാണ്ടിലേറെക്കാലം ജീവിച്ച ഏലൂർ വടക്കുംഭാഗം ഡിപ്പോയ്ക്ക് സമീപത്തെ മണലിപ്പറമ്പിൽ വീട്ടിൽ നിന്ന് കോതമംഗലം പീസ് വാലിയിലേക്ക് പുറപ്പെടുമ്പോൾ അവ്യക്തമായ ഭാഷയിൽ ആസിഫ് അലി എന്തോ പറയുന്നുണ്ടായിരുന്നു. ഉമ്മയ്ക്കും സഹോദരങ്ങൾക്കും ഒപ്പം കഴിഞ്ഞിരുന്ന നല്ല നാളുകൾ ഓർത്ത് അവരോട് യാത്ര പറഞ്ഞതായിരിക്കും മാനസിക വെല്ലുവിളി നേരിടുന്ന ഈ മധ്യവയസ്കൻ.

ഒരു കുടുംബത്തിലെ നാല് മക്കളും മാനസിക വെല്ലുവിളികൾ നേരിട്ട ദയനീയ അവസ്ഥ. ആസിഫ് അലിയുടെ രണ്ടു സഹോദരിമാരും ഒരു സഹോദരനും നേരത്തെ മരണത്തിനു കീഴടങ്ങി. 35 വർഷം മുൻപ് പിതാവും ആറ് വർഷം മുൻപ് മാതാവ് ആയിഷയും മരിച്ചതോടെ ആസിഫ് തീർത്തും അനാഥൻ. ആസിഫിനെ പരിചരിക്കാൻ എലൂർ മഹല്ല് ഹോം നേഴ്സിനെ ഏർപ്പെടുത്തിയിരുന്നെങ്കിലും ആ സംവിധാനം മുന്നോട്ടുപോയില്ല. ഈ സാഹചര്യത്തിലാണ് പ്രദേശത്തെ പൊതു പ്രവർത്തകരും മഹല്ല് ഭാരവാഹികളും പീസ് വാലിയെ സമീപിക്കുന്നത്. ആസിഫിന്റെ ദുരവസ്ഥ നേരിട്ട് മനസിലാക്കിയ പീസ് വാലി ഭാരവാഹികൾ സ്ഥാപനത്തിന് കീഴിലെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിൽ അഭയം നൽകുകയായിരുന്നു.