കൊച്ചി: കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ജോലിവാഗ്ദാനം ചെയ്ത് പണംതട്ടിയ കേസിലെ പ്രതി പറവൂർ സ്വദേശി ജിഗീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ നേരത്തെ ഒരാൾ പൊലീസിന്റെ പിടിയിലായിരുന്നു. ഇയാളിൽ നിന്നാണ് ജിഗീഷിനെക്കുറിച്ചുള്ള വിവരം പൊലീസിനും ഉദ്യോഗാർത്ഥികൾക്കും ലഭിച്ചത്.
ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് ഒരുലക്ഷം രൂപ തട്ടിയെടുത്തെന്ന പാലക്കാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ജിഗീഷ് വടക്കേക്കരയിലുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് തട്ടിപ്പിന് ഇരയായവർ സ്ഥലത്തെത്തി തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ പാലാരിവട്ടം പൊലീസിന് കൈമാറി. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണം ഉൾപ്പെടെ ജിഗീഷിനെതിരെ വടക്കേക്കര സ്റ്റേഷനിലടക്കം കേസുണ്ട്.