കൊച്ചി: കൊച്ചിയിലെ ആറ് നഗരസഭാ വാർഡുകളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം. ഒരു മാസത്തോളമായി ഇവിടങ്ങളിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് വെള്ളം ലഭിക്കുന്നത്. വെണ്ണല, പാടിവട്ടം, ചക്കരപ്പറമ്പ്, പൊന്നുരുന്നി, പാലാരിവട്ടം, 44-ാം വാർഡ് എന്നിവിടങ്ങളിലാണ് കുടിവെള്ളക്ഷാമമുള്ളത്.
ആലുവയിലെ പമ്പ് ഹൗസിൽ നിന്നെത്തുന്ന വെള്ളം തമ്മനം പമ്പ്ഹൗസ് വഴിയാണ് ഈ പ്രദേശങ്ങളിലെത്തിക്കുന്നത്. തമ്മനം പമ്പ് ഹൗസിൽ നിന്ന് ചേരാനെല്ലൂർ പ്രദേശത്തേക്ക് വെള്ളമെത്തിക്കാൻ പുതിയ പദ്ധതിയുണ്ടായിരുന്നു. എന്നാൽ ഇതിന് പ്രത്യേക ഡെക്ക് സ്ഥാപിച്ച് അതിലൂടെ മാത്രമേ പൈപ്പ് സ്ഥാപിക്കാനാകുകയുള്ളൂവെന്നും അതിലേക്കായി 21കോടി രൂപ അടയ്ക്കണമെന്നും നാഷണൽ ഹൈവേ അതോറിറ്റി ആവശ്യപ്പെട്ടു.
ഇതേത്തുടർന്ന് കോർപ്പറേഷൻ റോഡിലൂടെ തന്നെ വെള്ളം നൽകാൻ തീരുമാനിച്ചു. അങ്ങനെ ആലുവ പമ്പ് ഹൈസിൽ നിന്ന് തമ്മനം പമ്പ് ഹൗസിലേക്ക് വരുന്ന പൈപ്പ് ലൈനിൽ നിന്ന് ചേരാനെല്ലൂർക്ക് കണക്ഷൻ നൽകി. ഇതോടെ തമ്മനം പമ്പ് ഹൗസിലേക്ക് വെള്ളമെത്തുന്നതിന്റെ ശക്തിയും അളവും കുറയുകയായിരുന്നു. നെട്ടൂരിലെ പുതിയ ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്കും ആവശ്യത്തിന് വെള്ളമെത്തുന്നില്ല. നെട്ടൂര് നിന്ന് തമ്മനം പമ്പ് ഹൗസിലേക്ക് വെള്ളമെത്തിക്കുന്ന സംവിധാനവും പാളി. ഇതോടെ കുടിവെള്ള ലഭ്യത ഒന്നിടവിട്ട ദിവസങ്ങളിലായി.
പ്രശ്‌നം പലവട്ടം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും സമരങ്ങളുണ്ടായിട്ടും പരിഹാരമായില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
വെള്ളിയാഴ്ച ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിലും വിഷയം ചർച്ചയായില്ല.
പ്രശ്‌നബാധിത പ്രദേശങ്ങളിലെ കൗൺസിലർമാർ ചേർന്ന് മന്ത്രിക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ട്. ഡിസംബർ ആദ്യം ചർച്ച ചെയ്യാമെന്നാണ് മന്ത്രി നൽകിയ ഉറപ്പ്
കെ.ബി. ഹർഷൽ
കൗൺസിലർ
കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ക്രിയത്മക ഇടപെടൽ വേണം: ഹൈബി ഈഡൻ എം.പി
കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ക്രിയാത്മകമായ ഇടപെടൽ വേണമെന്ന് ഹൈബി ഈഡൻ എം.പി. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ജലജീവൻ മിഷന്റെ, ജില്ലാ തല അവലോകന യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തിലാണ് എം.പി ഇക്കാര്യം ഉന്നയിച്ചത്.
എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ 2020 മുതൽ ജലജീവൻ പദ്ധതി പ്രകാരം 20,176 കുടിവെള്ള കണക്ഷനുകളാണ് നൽകിയിട്ടുള്ളത്. എന്നാൽ കണക്ഷനുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് കുടിവെള്ള ലഭ്യത ഉറപ്പ് വരുത്താൻ വാട്ടർ അതോറിറ്റിക്ക് സാധിക്കുന്നില്ല.
ആലുവയിലെ 190 എം.എൽ.ഡി പ്‌ളാന്റ് യാഥാർത്ഥ്യമായാലേ ഈ പ്രശ്‌നങ്ങൾക്ക് പരിഹാരമാകൂ. അതിനുള്ള നടപടികൾ ദ്രുതഗതിയിലാക്കണം. നിലവിൽ കിൻഫ്ര പാർക്കിലേക്ക് ഒരു 20 എം.എൽ.ഡി പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നീക്കം നടക്കുന്നുണ്ട്.
ഇതിന്റെയെല്ലാം ജല സ്രോതസ് പെരിയാറാണ്. ഫ്ളാറ്റുകളിൽ താമസിക്കുന്ന ആളുകളുടെ അവസ്ഥയും ദയനീയം. കുടിവെള്ള ലഭ്യതക്കുറവ് കാരണം ഫ്ളാറ്റുകളിൽ കണക്ഷൻ കൊടുക്കാൻ സാധിക്കുന്നില്ല. ജനങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിച്ചതിന് ശേഷം മാത്രമേ കിൻഫ്ര പാർക്കിലേക്കുള്ള പ്ലാന്റ് പോലത്തെ നടപടികൾ അനുവദിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.