തൃക്കാക്കര: തൃക്കാക്കര മുൻസിപ്പൽ സെക്രട്ടറിക്കെതിരെ പ്രമേയം കൊണ്ടുവരാനുള്ള കോൺഗ്രസിലെ ഐ ഗ്രൂപ്പ് കൗൺസിലർമാരുടെ ശ്രമം പാളി. ഇന്നലെ മുൻസിപ്പൽ ചെയർപേഴ്സൻ അജിത തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യു.ഡി.എഫ് പാർലിമെന്ററി പാർട്ടി യോഗം വാക്കേറ്റത്തിൽ കലാശിച്ചു.

കോൺഗ്രസ് കൗൺസിലർ ഷാജി വാഴക്കാല മുനിസിപ്പൽ സെക്രട്ടറിക്കെതിരെ എഴുതിത്തയാറാക്കി പ്രമേയവുമായാണ് യോഗത്തിനെത്തിയത്. പൊതുഫണ്ട് വാർഡുകളിലേക്ക് വിതരണം ചെയ്യുന്ന കാര്യം ആദ്യം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ ഐ ഗ്രൂപ്പ് കൗൺസിലർമാരായ ഷാജി വാഴക്കാല, റാഷിദ് ഉളളംപള്ളി എന്നിവർ രംഗത്തെത്തി. സെക്രട്ടറിക്കെതിരെ പ്രമേയം കൊണ്ടുവന്നശേഷം മറ്റ് കാര്യങ്ങൾ ചർച്ച ചെയ്യാമെന്ന് ഐ ഗ്രൂപ്പ് കൗൺസിലർമാർ പറഞ്ഞു.
കുടിയാലോചനയില്ലാതെയാണ് ഭരണം നടക്കുന്നതെന്ന് മുസ്ലിം ലീഗ് കൗൺസിലറും മുൻസിപ്പൽ വൈസ്.ചെയർമാനുമായ എ.എ ഇബ്രാഹിംകുട്ടി യോഗത്തിൽ പറഞ്ഞതോടെ സൂക്ഷമായ വാക്കേറ്റമുണ്ടായി. കോൺഗ്രസിലെ ഐ ഗ്രൂപ്പ് കൗൺസിലർമാരുടെ വാർഡുകളിലെ പദ്ധതികൾക്കായി കോടികൾ നൽകിയപ്പോൾ എ ഗ്രൂപ്പിലെയും മുസ്ലിം ലീഗിലെയും കൗൺസിലർമാരുടെ വാർഡുകളിലേക്ക് പൊതുഫണ്ട് നൽകുന്നില്ലെന്ന് കൗൺസിലർമാർ ആരോപിച്ചു. പ്രമേയം അല്ലാതെ മറ്റൊന്നും ചർച്ചചെയ്യേണ്ടെന്ന നിലപാടിലായിരുന്നു ഐ ഗ്രൂപ്പുകാർ. യോഗത്തിൽ വികസന സ്ഥിരം സമിതി ചെയർപേഴ്സൻ സ്മിത സണ്ണിയും മുസ്ലിം ലീഗ് കൗൺസിലർ സജീന അക്ബറും പങ്കെടുത്തുമില്ല.