മൂവാറ്റുപുഴ: എസ് എൻ.ഡി.പി യോഗം 726-ാം നമ്പർ കടാതി ശാഖ വൃദ്ധജനങ്ങൾക്ക് പെൻഷൻ പദ്ധതി നടപ്പാക്കി മാതൃകയാകുന്നു. ശാഖയുടെ പരിമിതമായ വരുമാനത്തിൽ നിന്നാണ് പെൻഷൻ തുക നൽകുന്നത്. ആദ്യഘട്ടമെന്ന നിലയിൽ 10 പേർക്കാണ് മാസം 250രൂപ വീതം നൽകുന്നത്. മൂന്നുമാസത്തെ പെൻഷൻ തുകയായ 750 രൂപയാണ് ഇപ്പോൾ നൽകിവരുന്നത്. മൂവാറ്റുപുഴ യൂണിയന് കീഴിലുള്ള 31 ശാഖകളിൽ പെൻഷൻ പദ്ധതി നടപ്പിലാക്കുന്ന ആദ്യശാഖയാണ് കടാതി. 365കുടംബങ്ങളാണ് ശാഖയുടെ പരിധിയിലുള്ളത്. പദ്ധതിയുടെ വിതരണോദ്ഘാടനം ശാഖാ പ്രസിഡന്റ് ഷാജി.കെ.എസ് കുടിയിരിക്കാതോട്ടത്തിൽ കുട്ടപ്പന് നൽകി നിർവഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് അഡ്വ. ദിലീപ് എസ്. കല്ലാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എസ്.ഷാജി പദ്ധതി വിശദീകരിച്ചു. യൂണിയൻ കമ്മിറ്റിയംഗം എ.സി. പ്രതാപചന്ദ്രൻ , യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം എം.എസ്. വിൽസൻ, ശാഖാ കമ്മിറ്റിയംഗം സീമ അശോകൻ, വനിത സംഘം പ്രസിഡന്റ് ഷിജ സന്തോഷ്, വനിതാ സംഘം യൂണിയൻ കമ്മിറ്റിയംഗം ഷൈല പ്രതാപചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.