 
കൊച്ചി: വിക്ഷേപിക്കുന്ന റോക്കറ്റുകൾ തിരിച്ചെടുത്ത് പുനരുപയോഗിക്കുന്നതിന്റെ സാദ്ധ്യതകൾ ഐ.എസ്.ആർ.ഒ പഠിച്ചുവരികയാണെന്ന് പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തിന്റെ ഏയ്‌റോനോട്ടിക്കൽ സിസ്റ്റംസ് ഡയറക്ടർ ജനറലും അഗ്‌നി നാല് മിസൈലിന്റെ പ്രോജക്ട് ഡയറക്ടറുമായിരുന്ന ഡോ. ടെസി തോമസ് പറഞ്ഞു. വിക്രം സാരാഭായ് സയൻസ് ഫൗണ്ടേഷൻ കാക്കനാട്ടെ സയൻസ് പാർക്കിൽ സംഘടിപ്പിച്ച ശാസ്ത്ര വട്ടമേശസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ഫൗണ്ടേഷൻ സംഘടിപ്പിച്ച ദേശീയ പരീക്ഷയിൽ ഉന്നതവിജയം നേടിയ സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ഡോ. ടെസി തോമസ് വിതരണം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജി. മാധവൻനായർ, ചീഫ് സെക്രട്ടറി വി.പി. ജോയ്, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ ഹെഡ് നെക്ക് വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യർ, ഫൗണ്ടേഷൻ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ഡോ. ഇന്ദിര രാജൻ, മാനേജിംഗ് ഡയറക്ടർ സുചിത്ര ഷൈജിന്ത് എന്നിവർ സംസാരിച്ചു.
.