കൊച്ചി: എറണാകുളം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ കലവറ പാലുകാച്ചൽ കർമ്മം മൂത്തകുന്നം എസ്.എൻ.എം ഓഡിറ്റോറിയത്തിൽ മുൻ എം.പി കെ.പി. ധനപാലൻ നിർവഹിച്ചു. കലവറ നിറയ്ക്കലിന് പാചക വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ സംഘം നേതൃത്വം നൽകി. ഇന്നു മുതൽ അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന കലോത്സവത്തിന് രാവിലെ 10ന് എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ പതാക ഉയർത്തും. തുടർന്ന് എൻ.സി.സി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, സ്‌കൗട്ട്, ബാൻഡ് എന്നിവയുടെ നേതൃത്വത്തിൽ പരേഡ് നടക്കും. തുടർന്ന് നാല് വേദികളിലായി നാടൻ പാട്ട്, സംസ്‌കൃതം, തമിഴ്, കന്നഡ പദ്യപാരായണം, ഗദ്യ പാരായണം, തമിഴ്- കന്നഡ പ്രസംഗം, മോണോ ആക്ട്, മിമിക്രി എന്നീ മത്സരങ്ങളും മറ്റു 15 മുറികളിലായി രചനാമത്സരങ്ങളും നടക്കും. നാളെ മന്ത്രി പി. രാജീവ് കലോത്സവം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അദ്ധ്യക്ഷത വഹിക്കും.
കലാമേളയിൽ എത്തുന്നവർക്ക് ഭക്ഷണം ഒരുക്കുന്നത് മൂത്തകുന്നം എസ്.എൻ.എം ഓഡിറ്റോറിയത്തിലാണ്. മൂവായിരത്തോളം പേർക്കുള്ള ഭക്ഷണമാണ് തയ്യാറാക്കുന്നത്. പരിപാടികൾ വൈകിയാൽ വൈകുന്നേരങ്ങളിലെ മത്സാരർത്ഥികൾക്കും വിധികർത്താക്കൾക്കും രാത്രി ഭക്ഷണവും നൽകും.
പാലുകാച്ചൽ കർമ്മത്തിന് ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനക്കൽ അദ്ധ്യക്ഷത വഹിച്ചു. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, മൂത്തകുന്നം എച്ച്.എം.ഡി.പി സഭാ സെക്രട്ടറി ഡി. സുനിൽകുമാർ, എ.ഇ.ഒ സി.എസ്. ജയദേവൻ, സ്‌കൂൾ മാനേജർ കെ.ജി. പ്രദീപ്, പി.ടി.എ പ്രസിഡന്റ് ബിബിൻ സി ബോസ്, സ്‌കൂൾ പ്രിൻസിപ്പൽ പി.എസ്. ജ്യോതിലക്ഷ്മി, ഹെഡ്മിസ്ട്രസ് എം.ബി. ശ്രീകല, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രത്‌നൻ, ആന്റണി ജോസഫ്, രഞ്ജിത് മാത്യു തുടങ്ങിയവർ പങ്കെടുത്തു.