മട്ടാഞ്ചേരി: തോപ്പുംപടിയിൽ മാമോദീസ ചടങ്ങിൽ വിളമ്പിയ ബിരിയാണി കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. സൗദി സ്വദേശിയുടെ മകന്റെ മാമോദീസ ചടങ്ങിനായി മട്ടാഞ്ചേരി സ്വദേശി ഹാരിസിന്റെ കാറ്ററിംഗ് സർവീസിൽ നിന്നാണ് ബിരിയാണി എത്തിച്ചത്. 135 പേർക്കുള്ള ബിരിയാണിയാണ് ഓർഡർ ചെയ്തത്. ആദ്യ പന്തിയിൽ കഴിച്ചവർക്ക് തൊണ്ട ചൊറിച്ചിലടക്കമുള്ള അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. വീട്ടുകാർ ബിരിയാണി പരിശോധിച്ചപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടതിനാൽ തോപ്പുംപടി പൊലീസിൽ പരാതി നൽകി. പൊലീസ് അറിയിച്ചതനുസരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് കളമശേരി സർക്കിൾ ഓഫീസർ എം.എൻ. ഷംസിയ എത്തി ബിരിയാണി പരിശോധിച്ച് ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തി. ഭക്ഷണത്തിന്റെ സാമ്പിൾ പരിശോധനക്ക് എടുത്തിട്ടുണ്ട്. ബിരിയാണി എത്തിച്ച പാത്രങ്ങളും കസ്റ്റഡിയിൽ എടുത്തു. ഹാരിസിന് ലൈസൻസ് ഉണ്ടെങ്കിൽ സസ്പെൻഡ് ചെയ്ത് പിഴചുമത്തൽ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് ഹോട്ടലിൽ നിന്ന് ഭക്ഷണം എത്തിച്ചാണ് ചടങ്ങിനെത്തിയവർക്ക് നൽകിയത്.