കോലഞ്ചേരി: അനധികൃത പാർക്കിംഗും റോഡരികിൽ ബോർഡും ഹോർഡിംഗ്‌സും നിറഞ്ഞതോടെ പട്ടിമറ്റത്തുകൂടിയുള്ള വഴിയാത്രപോലും ദുഷ്‌കരമായി. മഴയിൽ ടൗൺ കുളമാകും. ഇതോടെ കാൽനടയാത്രക്കാരും കുരുങ്ങും. ബസ് സ്റ്റോപ്പുകൾ ടൗണിൽത്തന്നെ തുടരുന്നതിനാൽ ഒരു ബസ് വന്നുനിറുത്തിയാൽ ജംഗ്ഷൻ കുരുക്കിലാകും. ബസ് സ്‌റ്റോപ്പിൽ നിർത്തുന്ന ബസുകളിൽനിന്ന് ഇറങ്ങുന്നവർക്ക് റോഡിൽ സ്ഥാപിച്ചിരിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ ബോർഡും കുരുക്കാവുന്നു. മൂവാറ്റുപുഴ, കോലഞ്ചേരി ഭാഗത്തേക്ക് പോകുന്ന ബസുകളിലെ യാത്രക്കാരാണ് കുരുങ്ങുന്നവരിൽ അധികവും. റോഡിന്റെ ഒരു ഭാഗത്ത് ഓട്ടോ സ്റ്റാൻഡാണ്. മറുവശത്ത് അനധികൃത പാർക്കിംഗും.
*ചർച്ചയിലൊതുങ്ങിയ ബസ് സ്റ്റോപ്പ് മാറ്റം
ബസ് സ്റ്റോപ്പ് മാറ്റുന്നത് സംബന്ധിച്ച് നിരവധി ചർച്ച നടന്നെങ്കിലും തീരുമാനം മാത്രമായിട്ടില്ല. പി.പി. റോഡിൽ പെരുമ്പാവൂരിലേക്ക് പോകുന്ന ബസ് സ്റ്റോപ്പിലൊഴിച്ച് മറ്റൊരിടത്തും വെയ്റ്റിംഗ് ഷെഡുമില്ല. അതാതുഭാഗത്തെ വിവിധ സ്ഥാപനങ്ങളുടെ മുന്നിലാണ് യാത്രക്കാർ ബസ് കാത്ത് നിൽക്കുന്നത്. ടൗണിന്റെ നാലുഭാഗത്തും കാൽനടയാത്രക്കാർക്കായി വാക്ക് വേ സൗകര്യമൊരുക്കിയെങ്കിലും അന്യസംസ്ഥാന തൊഴിലാളികളും ബസ്സ്റ്റോപ്പുകളിലെ യാത്രക്കാരും വാക്ക് വേയിൽ നിൽക്കുന്നതോടെ കാൽനടയാത്രയും ദുഷ്‌കരമായി. *ഒറ്റമഴയിൽ ജംഗ്ഷൻ കുളമാകും
ഒരുകോടിരൂപ ചെലവിട്ട് പട്ടിമറ്റം കവല വികസനം പൂർത്തിയാക്കിയിട്ടും ഒറ്റമഴ മതി ജംഗ്ഷൻ കുളമാകാൻ. നാലു വശങ്ങളിലെ ഓടകളിൽ നിന്നുള്ള മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമൊരുക്കാതെ ഓടകൾക്ക് മുകളിൽ സ്ലാബിട്ട് ടൈൽപാകിയാണ് കവലവികസനം യാഥാർത്ഥ്യമാക്കിയത്. കോലഞ്ചേരി റോഡിൽ ബാങ്ക് ജംഗ്ഷനിൽ അമ്പാടിനഗർ ഭാഗത്തുനിന്നുവരുന്ന മഴവെള്ളം കാനയിലേയ്ക്ക് ഒഴുകുന്നതിനും സൗകര്യമൊരുക്കിയിട്ടില്ല. ഈ വെള്ളവും റോഡിലൂടെ ഒഴുകി കവലയിലേക്കാണ് എത്തുന്നത്. ടൗണിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഇതിലൂടെയുള്ള യാത്ര ദുരിതത്തിലാണ്. വെള്ളമൊഴുക്കിന് വഴിയുണ്ടാക്കുന്ന കാര്യം മറന്നതാണ് പ്രധാന പ്രശ്‌നം. ടൗണിൽനിന്ന് അഴുക്ക് വെള്ളവുമായി ഒഴുകുന്ന പ്രധാനകാന പൂർണമാക്കാതെ പി.പി റോഡിൽ വ്യാപാരഭവന് സമീപം അവസാനിക്കുകയാണ്. ഇവിടെ കെട്ടിനിൽക്കുന്ന വെള്ളത്തിൽനിന്ന് പറന്നുയരുന്ന കൊതുകുകൾ സമീപവാസികളുടെ ഉറക്കവും കളയുകയാണ്.
* വ്യാപാരികളും കുരുങ്ങി
ടൗണിൽ വ്യാപാരസ്ഥാപനങ്ങളുടെ മുന്നിൽ അനധികൃത വാഹനപാർക്കിംഗ് കച്ചവടക്കാരെ ബാധിക്കുന്നതായും പരാതി. വ്യാപാരസ്ഥാപനങ്ങളുടെയും ബസ്റ്റോപ്പിന്റെയും മുന്നിൽ ടൂവീലറുകൾ ഹാൻഡിൽ ലോക്കുചെയ്ത് പാർക്ക് ചെയ്യുന്നതാണ് പ്രശ്നം. രാവിലെ കടകൾ തുറക്കുന്നതിനുമുമ്പേ പാർക്കിംഗുകാർ പണിപറ്റിക്കും. രാത്രിയാണ് എടുത്തുമാറ്റൽ. ടൗണിൽനിന്ന് ഇരുനൂറ് മീറ്ററിന് അപ്പുറം സ്ഥാപനങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യാൻ സൗകര്യമുണ്ടെങ്കിലും ആരും ഉപയോഗിക്കാറില്ല. വ്യാപാരി വ്യവസായി ഏകോപനസമിതി പട്ടിമറ്റം പൊലീസിൽ ഇത് സംബന്ധിച്ച് പരാതി നൽകി.
ടി.പി. അസൈനാർ,
ജനറൽസെക്രട്ടറി