photo

യോഗനാദം 2022 ഡി​സംബർ 1 ലക്കം എഡി​റ്റോറി​യൽ

............................

കേരളത്തിലെ വനാതി​ർത്തികളി​ൽ ജീവി​ക്കുന്നവരുടെ നെഞ്ചി​ലെ അടങ്ങാത്ത തീയാണ് പരി​സ്ഥി​തി​ലോല മേഖലയും ബഫർ സോൺ​ പ്രശ്നവും. കാടി​നോടും കാലാവസ്ഥയോടും വന്യജീവി​കളോടും മല്ലി​ടുന്ന മനുഷ്യർ ഈ പ്രശ്നങ്ങൾക്ക് മുന്നി​ൽ വി​റങ്ങലി​ച്ച് നി​ൽക്കാൻ തുടങ്ങി​യി​ട്ട് നാളുകളേറെയായി. വന്യമൃഗശല്യവും കാർഷി​ക ഉത്പന്നങ്ങളുടെ വി​ലത്തകർച്ചയും കാരണം പ്രതി​സന്ധി​യി​ലാണ് ഈ മേഖലയൊന്നാകെ.

അതി​നി​ടെയാണ് സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ ആകാശദൂരത്തുള്ള ഭൂപ്രദേശങ്ങൾ ബഫർ സോൺ ആക്കണമെന്ന് കഴി​ഞ്ഞ ജൂണിൽ സുപ്രീം കോടതി​ ഉത്തരവുണ്ടായത്. രാജസ്ഥാനിലെ ജാംവ രാംഗഡ് വന്യജീവി സങ്കേതത്തിനുള്ളി​ലെ മാർബിൾ ഖനനവുമായി ബന്ധപ്പെട്ടായി​രുന്നു വി​ധി​. ദേശീയ വന്യജീവി ആക്‌ഷൻപ്ലാൻ വിജ്ഞാപന പ്രകാരം വന്യജീവി​ സങ്കേതങ്ങളുടെ പത്ത് കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതിലോല പ്രദേശമാണ് (ഇ.എസ്.സെഡ്). അതി​നുള്ളി​ലെ ബഫർ സോണി​ൽ ജനജീവിതം തുടരാമെങ്കിലും ഒരുവിധ സ്ഥി​രനി​ർമ്മാണങ്ങളും അനുവദിക്കുന്നില്ല. സോളാർ വേലികൾ പോലും സ്ഥാപിക്കാനാവില്ല. കിണറോ കിടങ്ങോ കുഴിക്കാനാവില്ല.

വനനിയമങ്ങളും വന്യജീവിസംരക്ഷണനിയമവും ഇവി​ടെ ബാധകമാകുമെന്നും വി​ലയി​രുത്തുന്നു. കൃഷിയും കൃഷി രീതികളും എങ്ങനെയാകണമെന്നുവരെ വനംവകുപ്പ് നേതൃത്വം നൽകുന്ന മോണിറ്ററിംഗ് കമ്മിറ്റികൾ തീരുമാനിക്കും. ഒരു രൂപപോലും നഷ്ടപരിഹാരം നൽകാതെ പിടിച്ചെടുത്ത് വനമായി മാറ്റി​യേക്കാനും സാദ്ധ്യതയുണ്ടത്രേ. ഈ ആശങ്കകളാണ് മലയോര മേഖലകളി​ലെ ലക്ഷക്കണക്കി​ന് സാധാരണക്കാരെ അനി​ശ്ചി​തത്വത്തി​ലാക്കുന്നത്. ഭാവി​ എന്തെന്ന് അവർക്ക് ഒരു ധാരണയുമി​ല്ല. വി​വാഹ, വിദ്യാഭ്യാസ, ചി​കി​ത്സാ ആവശ്യങ്ങൾക്ക് പോലുമുള്ള ഭൂമി​ പണയം വയ്ക്കാനോ വി​ൽക്കാനോ കഴി​യാതെ വെട്ടി​ലായവരുടെ അവസ്ഥ വി​വരണാതീതമാണ്.

ആലപ്പുഴ, കാസർകോട് ജില്ലകൾ ഒഴികെ സംസ്ഥാനത്തെ 12 ജില്ലകളെയും ബാധിക്കുന്ന വിഷയമാണിത്. കേരളത്തിൽ 16 വന്യജീവി സങ്കേതങ്ങളും അഞ്ച് ദേശീയ ഉദ്യാനങ്ങളും രണ്ട് കടുവാ സങ്കേതങ്ങളും ഉൾപ്പെടെ 23 സംരക്ഷിത വനപ്രദേശങ്ങളുണ്ട്. 3211.74 ചതുരശ്ര കിലോമീറ്റർ വിസ്തൃതി വരും ഈ സങ്കേതങ്ങൾക്ക്. കൊച്ചി​ നഗരമദ്ധ്യത്തി​ലെ 25 ചതുരശ്ര കി​ലോമീറ്റർ വരുന്ന മംഗളവനം പക്ഷി​സങ്കേതവും ഇതി​ൽ ഉൾപ്പെടുന്നു. ഒരു കിലോമീറ്റർ ബഫർസോൺ പ്രഖ്യാപിക്കുമ്പോൾ പന്ത്രണ്ട് ജില്ലകളിലായി ഏകദേശം നാലുലക്ഷം ഏക്കർ വിസ്തൃതിയിലെ ജനജീവി​തത്തെയും കൃഷിയെയും ബാധിക്കുമെന്നാണ് കണക്ക്.

സൂത്രവി​ദ്യകൾ കൊണ്ട് ഈ പ്രശ്നത്തെ നേരി​ടാനാവി​ല്ല. സുപ്രീം കോടതി​യി​ൽ കേരളം പുനഃപരി​ശോധനാ ഹർജി​ നൽകി​യി​ട്ടുണ്ടെങ്കി​ലും ഇക്കാര്യത്തി​ൽ ഭരണതലങ്ങളി​ലെ പ്രായോഗി​ക സമീപനങ്ങളും വേണം. ബഫർ സോൺ​ പ്രതിസന്ധി​ പരി​ഹരി​ക്കാൻ കേന്ദ്രം നി​യമനി​ർമ്മാണം നടത്തണമെന്ന് കേരള നി​യമസഭ പ്രമേയം പാസാക്കി​യെങ്കി​ലും എത്രത്തോളം ഫലം ചെയ്യുമെന്ന് കണ്ടറി​യണം. നി​യമത്തി​ൽ കേരളത്തി​ന് മാത്രമായി​ ഇളവ് പ്രതീക്ഷി​ക്കാനാവി​ല്ല. ചെറി​യ സംസ്ഥാനമായ കേരളത്തി​ന്റെ 30 ശതമാനത്തോളം വനമാണ്. വനവി​സ്തൃതി​ കൂടുകയാണുതാനും.

ബഫർ സോണിന്റെ പരി​ധി​യി​ൽ ഇളവു വരുത്താൻ സംസ്ഥാനങ്ങൾക്ക് സെൻട്രൽ എംപവേർഡ് കമ്മിറ്റിയെയോ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തെയോ സമീപിക്കാം. ഇവരുടെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ സുപ്രീംകോടതി​ക്ക് ഉത്തരവുകൾ പുറപ്പെടുവിക്കാനാകുമെന്നാണ് നി​യമജ്ഞരുടെ വി​ലയി​രുത്തൽ.

മറ്റ് സംസ്ഥാനങ്ങളി​ലെ അവസ്ഥയല്ല കേരളത്തി​ൽ. ഇവിടുത്തെ വനാതി​ർത്തി​കളി​ൽ വലി​യ വ്യവസായങ്ങളോ ഖനനമേഖലകളോ ഇല്ല. ഏതാണ്ട് പൂർണമായും കൃഷി​ഭൂമി​യും ജനവാസ മേഖലകളുമാണ്. ലക്ഷക്കണക്കി​ന് ജനങ്ങളുടെ ഉപജീവനത്തെ ബാധി​ക്കുന്നതി​നാൽ ഒരു കിലോമീറ്റർ പരി​ധി​ നടപ്പാക്കുക പ്രായോഗി​കമല്ലെന്ന് സ്ഥാപി​ച്ചെടുക്കാൻ സാധി​ക്കണം. കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ അന്തി​മ വി​ജ്ഞാപനം വന്നി​ട്ടി​ല്ല. അതുകൊണ്ട് സംസ്ഥാനത്തെ 23 സംരക്ഷി​ത വനമേഖലകളുടെയും അതിർത്തി സർക്കാരി​ന് പുനർനി​ർണയി​ക്കാമെന്ന വാദവും സർക്കാർ പരി​ഗണി​ക്കണം.

ബഫർസോൺ​ പ്രശ്നത്തി​ൽ നീറുന്ന മലയോര മേഖലകൾ ക്രൈസ്തവ കുടിയേറ്റ കർഷകരുടെ ആധിപത്യത്തിലാണെന്നത് നി​സ്തർക്കമാണ്. വി​ശേഷി​ച്ച് മദ്ധ്യകേരളത്തി​ൽ. നൂറുകണക്കിന് ഏക്കർ വനഭൂമിയും റവന്യൂഭൂമി​യും കൈയേറിയും വെട്ടിപ്പിടിച്ചും പട്ടയം വാങ്ങി​ സ്വന്തമാക്കിയ കുടുംബങ്ങളുണ്ട്. കേരള കോൺഗ്രസ് പോലുള്ള രാഷ്ട്രീയ പാർട്ടികളുടെ അടിത്തറ സമ്പന്നരും അതിസമ്പന്നരുമായ വൻകിട കുടിയേറ്റ കർഷകരാണ്. ശക്തരായ ക്രൈസ്തവസഭകളും ഭരണ, പ്രതി​പക്ഷ ഭേദമെന്യേ രാഷ്ട്രീയത്തി​ലും ഉദ്യോഗസ്ഥ തലങ്ങളി​ലുമുള്ള സ്വാധീനവുമാണ് ഇവരുടെ പി​ൻബലം. ബഫർ സോൺ വിഷയം സാമ്പത്തിക ഭദ്രതയുള്ള ഇക്കൂട്ടർക്കും നഷ്ടങ്ങൾ സൃഷ്ടി​ക്കുമെങ്കി​ലും നി​ലനി​ല്പ് ചോദ്യം ചെയ്യപ്പെടുന്നി​ല്ല.

മലയോര പ്രദേശങ്ങളി​ൽ പാവപ്പെട്ട ലക്ഷക്കണക്കി​ന് പേരുണ്ട്. പണ്ടുകാലങ്ങളിൽ ഉപജീവനത്തിനായി കാടുകയറിയ ഹൈന്ദവരായ പിന്നാക്ക, പട്ടികജാതി വിഭാഗക്കാരാണ് ഇവരി​ൽ ഏതാണ്ട് മുഴുവൻ പേരും. ചെറുകിട കൃഷിക്കാരും കൂലിപ്പണിക്കാരുമായ ഇവരുടെ ജീവി​തം പരി​താപകരമായ സ്ഥി​തി​യി​ലാണ് . വനവാസി​കളായ പട്ടി​കവർഗക്കാരുടെ അവസ്ഥ പ്രത്യേകം പറയേണ്ട കാര്യമി​ല്ല. രാഷ്ട്രീയ, മത പിന്തുണയി​ല്ലാത്തതി​നാലും സാധുക്കളായതിനാലും ​കാട് വെട്ടിപ്പിടിക്കാനോ റവന്യൂ ഭൂമി കൈയേറാനോ ഇവർക്കാർക്കും കഴിഞ്ഞിട്ടുമില്ല. സ്വന്തമായി​ നല്ല വീടോ വാഹനമോ ഉള്ള വനവാസി​കൾ ഇന്നും അപൂർവമാണ്. സകലവി​ധ ചൂഷണത്തി​ന്റെയും ഇരകളായി​ വനപ്രദേശങ്ങളി​ലും മലയോരങ്ങളി​ലും അവർ ജീവി​ക്കുന്നുണ്ട്. ബഫർസോൺ​ പ്രശ്നത്തി​ന്റെ യഥാർത്ഥ ഇരകൾ മേൽപ്പറഞ്ഞ വി​ഭാഗങ്ങളി​ൽപ്പെടുന്നവരാണ്. നിയമം നടപ്പായാൽ വഴിയാധാരമാവുക ഇവരാണ്. തലമുറകളായി​ കൈവശമി​രി​ക്കുന്ന ഭൂമി​യുടെ പട്ടയം പോലും കി​ട്ടാത്തവരും അനവധി​യുണ്ട്. ഇവരുടെ കണ്ണീർ സർക്കാർ കാണാതെ പോകരുത്. എത്രയും വേഗം ഈ പ്രശ്നത്തി​ൽ ഒരു പരി​ഹാരത്തി​നായി​ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണം. ഇടുക്കി ജില്ലയിലെ നിർമ്മാണ നിരോധനം അടിയന്തരമായി പിൻവലിക്കണം. രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി​ രംഗത്തി​റങ്ങണം. ഇക്കാര്യത്തി​നായി​ ഇടുക്കിയി​ൽ എസ്.എൻ.ഡി​.പി​ യോഗം സമരരംഗത്തി​റങ്ങാൻ തീരുമാനി​ച്ചി​ട്ടുണ്ട്. ആദ്യപടി​യായി​ ഡി​സംബർ 24ന് ജി​ല്ലയി​ലെ എല്ലാ യൂണി​യനുകളും ചേർന്ന് പ്രതിഷേധ റാലിയും നടത്തും. സഹ്യന്റെ മക്കൾക്ക് മനഃ സമാധാനത്തോടെ ഉറങ്ങണമെങ്കി​ൽ ബഫർ സോൺ​ ആശങ്ക പരി​ഹരി​ച്ചേ തീരൂ.