fish
ചിത്രം

കൊച്ചി: ദൈന്യത, അവഗണന, പോരാട്ടം, ശാക്തീകരണം .....മത്സ്യമേഖലയിലെ സ്ത്രീകളുടെ വിവിധ ഭാവങ്ങൾ ചിത്രീകരിക്കുന്ന കലാസൃഷ്‌ടി ശ്രദ്ധേയമാകുന്നു. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, മാലിദ്വീപ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള 52 ചിത്രകാരൻമാരാണ് 71 ചിത്രങ്ങളിലൂടെ സ്ത്രീജീവിതം പകർത്തിയിരിക്കുന്നത്. ബേ ഒഫ് ബംഗാൾ പ്രോഗ്രാം ഇന്റർഗവൺമെന്റൽ ഓർഗനൈസേൻ (ബി.ഒ.ബി.പി) പുറത്തിറക്കിയ 'വേവ്‌സ് ഒഫ് ആർട്' സമാഹരത്തിലാണ് മത്സ്യമേഖലയിലെ സ്ത്രീകളുടെ പങ്ക് വെളിപ്പെടുത്തുന്ന ചിത്രങ്ങൾ ഇടംപിടിച്ചത്.

വേമ്പനാട് കായൽ ഉൾപ്പെടെയുള്ള ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യബന്ധനം, മത്സ്യസംസ്‌കരണം, വിപണനം തുടങ്ങി കേരളത്തിന്റെ മത്സ്യമേഖലയിലെ വനിതകളെ പ്രതിനിധീകരിക്കുന്ന 24 ചിത്രങ്ങൾ സമാഹാരത്തിലുണ്ട്. 18 മലയാളിചിത്രകാരൻമാരുടെ രചനകളും ഇക്കൂട്ടത്തിലുണ്ട്. മത്സ്യമേഖലയിലെ വസ്തുതകൾ ചിത്രകലയിലൂടെ പുറംലോകത്തിന് പരിചയപ്പെടുത്തുന്ന പദ്ധതിയാണ് വേവ്‌സ് ഒഫ് ആർട്. ഇതിന്റെ ഭാഗമായാണ് ഓരോ രാജ്യങ്ങളിലെയും ചിത്രകാരൻമാരുടെ സൃഷ്‌ടികൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. മത്സ്യമേഖലയ്ക്ക് മാർഗനിർദ്ദേശങ്ങൾ നൽകുന്ന അന്താരാഷ്ട്ര സ്ഥാപനമാണ് ബി.ഒ.ബിപി. ഗ്രാമ, നഗരപ്രദേശങ്ങളിൽ ഈ ചിത്രങ്ങളുടെ പ്രദർശനം നടത്തുമെന്ന് ഡയറക്ടർ ഡോ.പി. കൃഷ്ണൻ പറഞ്ഞു.