കൊച്ചി: നവീകരണത്തിന്റെ പേരിൽ എറണാകുളം സൗത്ത്, നോർത്ത് റെയിൽവേ സ്‌റ്റേഷനുകളിലെ ഐ.ആർസി.ടി.സി ഭക്ഷണശാലകൾ അടച്ചുപൂട്ടിയത് ശബരിമല തീർഥാടകർ അടക്കമുള്ള യാത്രക്കാരെ ദുരിതത്തിലാക്കി.
സൗത്ത് സ്‌റ്റേഷനിൽ ഭക്ഷണശാലാ നടത്തിപ്പുകാരുടെ കരാർ കാലാവധി അവസാനിക്കാൻ ആറുമാസത്തോളം ബാക്കിയുള്ളപ്പോഴാണ് നിറുത്തിയത്. കാലാവധി തീരുംമുമ്പേ ഭക്ഷണശാല പൂട്ടിയതിനെതിരെ കരാറുകാർ കോടതിയെ സമീപിച്ചിട്ടുണ്ട്. നോർത്തിൽ ഡിസംബർ ഒന്നിന് കാലാവധി അവസാനിക്കും. വ്യാഴാഴ്ച മുതൽ ഭക്ഷണശാല തുറക്കാൻ പാടില്ലെന്നാണ് ഐ.ആർസി.ടി.സി നടത്തിപ്പുകാരെ അറിയിച്ചത്.
ശബരിമല തീർത്ഥാടനകാലം അവസാനിക്കുന്നതുവരെയെങ്കിലും ഭക്ഷണശാലകൾ തുറന്നുപ്രവർത്തിക്കാൻ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. പകരം സംവിധാനം ഒരുക്കാനും റെയിൽവേ നടപടിയെടുത്തിട്ടില്ല.
പുതിയ കെട്ടിടങ്ങൾ വരുമ്പോൾ അവിടെ ആധുനികസൗകര്യത്തിലുള്ള ഫുഡ്‌കോർട്ട് ഒരുക്കുമെന്ന് അധികൃതർ പറഞ്ഞു.
മണ്ഡലകാലം ആരംഭിച്ചിട്ടും സൗത്ത് റെയിൽവേ സ്‌റ്റേഷനിൽ വിരിവയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടില്ല. കഴിഞ്ഞവർഷങ്ങളിൽ പഴയ പാഴ്‌സൽ ഓഫീസ് വിരിവയ്ക്കാനായി തുറന്നുകൊടുത്തിരുന്നു.
നോർത്ത് സ്റ്റേഷനിലെ ഭക്ഷണശാലയുടെ ലൈസൻസ് കാലാവധി മണ്ഡലകാലം കഴിയുന്നത് വരെ ദീർഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്
ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കും ഡിവിഷണൽ മാനേജർക്കും ഐ.ആർ.സി.ടി.സി ചെയർമാനും കത്ത് നൽകിയതായി ഹൈബി ഈഡൻ എം.പി അറിയിച്ചു.