mk
കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഭാരവാഹികൾ മന്ത്രി എ.കെ ശശീന്ദ്രന് നിവേദനം നൽകുന്നു.

കുറുപ്പംപടി: കുട്ടമ്പുഴ പൂയംകുട്ടി, വടാട്ടുപാറ, കാരക്കാട് (കാലടി) ഫോറസ്റ്റ് സ്റ്റേഷനുകളിൽ ഉപയോഗത്തിലിരുന്ന വാഹനങ്ങൾ കാലാവധി കഴിഞ്ഞതിനാൽ അടിയന്തിരമായി പുതിയ വാഹനങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റി മന്ത്രി എ.കെ ശശീന്ദ്രന് നിവേദനം നൽകി.

വനംവകുപ്പിലെ വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളിലേക്ക് അനുവദിച്ചിട്ടുള്ള വാഹനങ്ങളുടെ ഇന്ധനം, അറ്റകുറ്റപ്പണി, മറ്റ് ദൈനംദിന ചെലവുകളിലേക്കായി സ്റ്റേഷൻ ചാർജ് വഹിക്കുന്നവർ കൈയിൽനിന്ന് ചെലവഴിച്ച തുക ഈ സാമ്പത്തിക വർഷം എട്ടുമാസം പിന്നിട്ടിട്ടും റീഇംബേഴ്സ് ചെയ്തിട്ടില്ല. ഫോറസ്റ്റ് സ്റ്റേഷനുകളുടെ ചാർജ് വഹിക്കുന്ന ഉദ്യോഗസ്ഥർക്ക് ഇത്തരം ചെലവുകൾക്ക് മുൻകൂറായി 10000 രൂപ വീതമെങ്കിലും അനുവദിക്കണമെന്ന് ജില്ലാ പ്രസിഡന്റ് സി. അരുൺകുമാർ, സെക്രട്ടറി എം. ദിൽഷാദ് എന്നിവർ നിവേദനത്തിൽ ആവശ്യപ്പെട്ടു.

ദിവസവേതന ജീവനക്കാർക്ക് ഓണത്തിനുശേഷം കുടിശികയായ വേതനം ഉടൻ അനുവദിക്കണം.

എൻ.സി.പി ജില്ലാ പ്രസിഡന്റും മൈനോരിറ്റി ഫിനാൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഡയറക്ടറുമായ ടി.പി. അബ്ദുൽ അസീസ്, കെ.എഫ്.എസ്.എ ജില്ലാ ട്രഷറർ വി.ഐ. ജാഫർ, ജില്ലാ ഭാരവാഹികളായ ഇ.എച്ച്. നൗഷാദ്, സി.പി. ശ്രീജിത്ത്, പി.ആർ. ജയകുമാർ എന്നിവർ സന്നിഹിതരായിരുന്നു.