തിരുവനന്തപുരം: നഗരസഭ ഭവനനിർമ്മാണ പദ്ധതിയുടെ ഭാഗമായി രാജാജി നഗറിൽ നിർമ്മിച്ച ഫ്ളാറ്റിൽ നിന്ന് അനധികൃത കൈവശക്കാരെ രണ്ടാഴ്ചയ്ക്കകം ഒഴിപ്പിച്ച് യഥാർത്ഥ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തില്ലെങ്കിൽ നഗരസഭാ സെക്രട്ടറിയുടെയും പ്രോജക്ട് ഓഫീസറുടെയും ശമ്പളം തടഞ്ഞുവയ്ക്കാൻ ഉത്തരവിറക്കുമെന്ന് ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഇടക്കാല ഉത്തരവിൽ മുന്നറിയിപ്പ് നൽകി.
ഭവനരഹിതർക്ക് വിതരണം ചെയ്യേണ്ട ഫ്ലാറ്റുകൾ വർഷങ്ങളായി അനധികൃത താമസക്കാർ കൈയടക്കി വച്ചിരിക്കുന്നതിനെതിരെ കെ.എസ്.ശ്രീദേവി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
ഇക്കഴിഞ്ഞ 21ന് കേസ് വിചാരണയ്ക്കെടുത്തപ്പോൾ, 98 ഫ്ലാറ്റുകളിൽ 97ലും അനധികൃത താമസക്കാരാണെന്നും ഇവരെ ഒഴിപ്പിച്ച് അർഹരായവർക്ക് ഫ്ലാറ്റ് വിതരണം ചെയ്യാൻ സബ്കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും നഗരസഭയ്ക്കുവേണ്ടി ഹാജരായ പ്രോജക്ട് ഓഫീസർ ഓംബുഡ്സ്മാനെ ധരിപ്പിച്ചു. എന്നാൽ സബ്കമ്മിറ്റി നവംബർ 19ന് ചേരാനിരുന്ന യോഗം ചേർന്നില്ലെന്നും അറിയിച്ചു. ഇത് അംഗീകരിക്കാനാവില്ലെന്നും നഗരസഭയുടെ നടപടി ദുർഭരണത്തിന്റെയും നീതിനിഷേധത്തിന്റെയും ഉദാഹരണമാണെന്നും ഓംബുഡ്സ്മാൻ ഉത്തരവിൽ പറഞ്ഞു. നഗരസഭയുടെ റിപ്പോർട്ട് ആവശ്യപ്പെട്ട് കേസ് ജനുവരി 11 ലേക്ക് മാറ്റി.