കൊച്ചി: ഹൈറൈസ് കെട്ടിടങ്ങളുടെ നിർമ്മാണത്തിനിടെ വിശദമായി പരിശോധിക്കാതെ സ്റ്റോപ്പ് മെമ്മോ നൽകുന്നത് അധികാര ദുർവിനിയോഗമാണെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാൻ വ്യക്തമാക്കി.

മുൻകൂർ അനുമതി വാങ്ങി നിർമ്മാണം തുടങ്ങിയ കെട്ടിടത്തിന് വേറെ വാർഡിലെ കൗൺസിലറുടെ ഇടപെടലിനെ തുടർന്ന് കൊച്ചി കോർപ്പറേഷൻ സെക്രട്ടറി അധികാരം ദുർവിനിയോഗം ചെയ്ത് സ്റ്റോപ്പ് മെമ്മോ നൽകിയതിനെതിരായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഹർജിയിലാണ് ഓംബുഡ്സ്മാന്റെ ഇടക്കാല ഉത്തരവ്. മേയറുടെ ഉത്തരവിന് പുറമെ അനുവാദം കൂടാതെ കിണർ, കുഴൽ കിണർ എന്നിവ കുഴിച്ചതിനും നിർമ്മാണ സ്ഥലത്തുനിന്ന് ചെളിയും മനിലജലവും അയൽവാസിയുടെ പുരയിടത്തിലേക്ക് ഒഴുകിയതിനുമാണ് സ്റ്റോപ്പ് മെമ്മോ നൽകിയതെന്നും ഇത് പിന്നീട് പിൻവലിച്ചെന്നുമുള്ള നഗരസഭ എക്സിക്യുട്ടീവ് എൻജിനീയറുടെ വാദം കോടതി അംഗീകരിച്ചില്ല. സ്റ്റോപ്പ് മെമ്മോ പിൻവലിച്ചെന്നത് കോർപ്പറേഷന് തെറ്റുപറ്റിയെന്നതിന് തെളിവാണെന്നും ഓംബുഡ്സ്മാൻ നിരീക്ഷിച്ചു. ഹൈറൈസ് ബിൽഡിംഗ്സിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കെ സ്റ്റോപ്പ് മെമ്മോ നൽകുമ്പോൾ നിർമ്മാതാവിന് ഉണ്ടാകുന്ന നഷ്ടം ഊഹിക്കാവുന്നതാണ്. ചട്ടലംഘനം സംബന്ധിച്ച് പരാതി ലഭിച്ചാൽ എതിർകക്ഷിക്കുകൂടി നോട്ടീസ് നൽകി അവരെയും കേട്ടശേഷം മാത്രമേ മേലിൽ സ്റ്റോപ്പ് മെമ്മോ നൽകാവു എന്നും ഓംബുഡ്സ്മാൻ പറഞ്ഞു. കേസിന്റെ തുടർവിചാരണ ഡിസംബർ 23 ലേക്ക് മാറ്റി.