1

കിഴക്കമ്പലം: സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലകളെ നിയന്ത്രിക്കുന്ന മാഫിയ തലവന്മാരെ ഒഡിഷയിലെ വനത്തിൽ നിന്ന് തടയിട്ടപറമ്പ് പൊലീസ് പിടികൂടി. സാംസൺ ഗന്ധ(34),കൂട്ടാളി ഇസ്മയിൽ ഗന്ധ(27) എന്നിവരെയാണ് ഒറീസയിലെ ശ്രീപള്ളി ആദിവാസി കുടിയിൽ നിന്ന് വലയിലാക്കിയത്. കേരള,കർണാടക,തമിഴ്നാട് സംസ്ഥാനങ്ങളിൽ വിപണനം ചെയ്യുന്ന കഞ്ചാവിൽ ഭൂരിഭാഗവും ഇവരാണ് ഉത്പാദിപ്പിക്കുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. വനത്തിനുള്ളിലാണ് ഇവരുടെ കഞ്ചാവ് കൃഷി.

കഴിഞ്ഞ മാർച്ചിൽ തടിയിട്ടപറമ്പ് സ്​റ്റേഷൻ പരിധിയിൽ രണ്ടുകിലോ കഞ്ചാവുമായി ചെറിയാൻ ജോസഫ് എന്നയാളെ അറസ്​റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണം നടക്കുന്നതിനിടെ വാഴക്കുളത്ത് നിന്ന് 70 കിലോ കഞ്ചാവും,കുറുപ്പംപടിയിൽ വച്ച് വാഹനത്തിൽ കടത്തുകയായിരുന്ന 250 കിലോ കഞ്ചാവും പിടികൂടിയത്. തുടർന്നുള്ള അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്.

തടയിട്ട പറമ്പ് എസ്.എച്ച്.ഒ വി.എം. കേഴ്‌സണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ കീഴടക്കിയത്. ട്രാൻസിറ്റ് വാറണ്ടിൽ കേരളത്തിലെത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സീനിയർ സി.പി.ഒ കെ.കെ. ഷിബു,സി.പി.ഒമാരായ അരുൺ കെ. കരുണൻ,പി.എ. ഷെമീർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.