മൂവാറ്റുപുഴ: നഗരത്തിലെ കുടിവെള്ളക്ഷാമത്തിന് പൂർണ പരിഹാരം കാണുന്നതിനും ജലവിതരണം കാര്യക്ഷമമാക്കുന്നതിനുമായി മൂവാറ്റുപുഴ നഗരസഭ തയ്യാറാക്കിയ ബൃഹദ് പദ്ധതിക്ക് അനുമതി ലഭിച്ചു. നഗരസഭയുടെ പ്ലാൻഫണ്ടിൽനിന്ന് അനുവദിച്ച 48ലക്ഷംരൂപ അടക്കം 640 ലക്ഷം രൂപയുടെ അമൃത് കുടിവെള്ള പദ്ധതിയുടെ ഡി.പി.ആറിനാണ് ഭരണാനുമതി ലഭിച്ചതെന്ന് നഗരസഭ ചെയർമാൻ പി.പി. എൽദോസ് അറിയിച്ചു.
കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുന്ന പ്രധാനപൈപ്പ് നിരന്തരം പൊട്ടുന്നതാണ് പ്രധാനപ്രശ്നം. ഇതോടൊപ്പം ഗാർഹിക കണക്ഷനുമായി ബന്ധിപ്പിക്കുന്ന ചെറിയപൈപ്പുകളും കാലപ്പഴക്കംകൊണ്ട് പലപ്പോഴും തകരാറിലാകുന്നത് സുഗമമായ ജലവിതരണത്തിന് തടസം സൃഷ്ടിക്കുന്നു. ഇത് പരിഹരിക്കാൻ വാട്ടർ അതോറിറ്റിയുടെ കാവുംപടിയിലുള്ള പമ്പിംഗ് കേന്ദ്രം മുതൽ കോർമലയിലെ പ്രധാനസംഭരണി, ട്രീറ്റ്മെന്റ് പ്ലാന്റ് വരെ രണ്ട് കിലോമീറ്റർ ദൂരം പഴയപൈപ്പുകൾ മാറ്റി 200 എം.എംന്റെ കാസ്റ്റ് അയൺ പൈപ്പ് സ്ഥാപിക്കും. ഇതോടെ അടിക്കടിയുണ്ടാകുന്ന പൈപ്പ് പൊട്ടലിന് പരിഹാരമാകും.
ഇതിനുപുറമേ ഇനിയും വാട്ടർ അതോറിറ്റിയുടെ കുടിവെള്ള കണക്ഷൻ ലഭിക്കാത്ത 1500 കുടുംബങ്ങൾക്ക് പുതിയ ലൈൻവലിച്ച് കുടിവെള്ളം ലഭ്യമാക്കും. ഉയർന്ന പ്രദേശങ്ങളിൽ വെള്ളം എത്തുന്നില്ലെന്ന പരാതി പരിഗണിച്ച് 18500 മീറ്റർ ദൂരം പഴയ വിതരണ പൈപ്പുമാറ്റി പുതിയത് സ്ഥാപിക്കും. ഉയർന്ന പ്രദേശങ്ങളായ മൈലാടിമല, പണ്ടിരിമല, വെള്ളൂർക്കുന്നം, തീക്കൊള്ളിപ്പാറ, കുര്യൻമല, ആസാദ് റോഡ് തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള ജലവിതരണം ഇതിലൂടെ സുഗമമാകും. ജി.ഐ, എ.സി, സി.ഐ. പൈപ്പുകളാകും പ്രദേശങ്ങളുടെ പ്രത്യേകത അനുസരിച്ച് സ്ഥാപിക്കുക .വാട്ടർ അതോറിറ്റി അധികൃതർ ടെൻഡർ നടപടികൾ പൂർത്തിയാക്കിയാലുടൻ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ നഗരത്തിലെ ശുദ്ധജല ദൗർലഭ്യത്തിന് ശാശ്വത പരിഹാരമാകുമെന്നും പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ചെയർമാൻ
പറഞ്ഞു.