കൊച്ചി: മംഗളൂരു സ്‌ഫോടനക്കേസ് പ്രതി കർണാടക ശിവമോഗ തീർത്ഥഹള്ളി സ്വദേശി മുഹമ്മദ് ഷാരിഖ് അഞ്ച് ദിവസത്തെ ആലുവയിലെ താമസത്തിനിടെ പറവൂർ, മുനമ്പം, പനമ്പിള്ളിനഗർ എന്നിവിടങ്ങളും സന്ദർശിച്ചു. തുടർന്ന് തമിഴ്‌നാട്ടിലെ കുളച്ചലിലും കന്യാകുമാരിയിലും താമസിച്ചു. ഷാരിഖിന്റെ സന്ദർശനം ഈ സ്ഥലങ്ങളിൽ സ്‌ഫോടനം നടത്താൻ ലക്ഷ്യമിട്ടായിരുന്നെന്ന് അന്വേഷണ ഏജൻസികൾക്ക് സംശയമുണ്ട്.

സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് നൽകിയ ഷാരിഖിന്റെ യാത്രാവിവരത്തിന്റെ അടിസ്ഥാനത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഇത്തരമൊരു സംശയം തള്ളാതെയാണ് മംഗലാപുരം പ്രഷർകുക്കർ സ്‌ഫോടനക്കേസിൽ അന്വേഷണം നടത്തുന്നത്.

സ്‌ഫോടനത്തിന് ഏതാനും ദിവസം മുമ്പ് ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിലെത്തിയ ഷാരിഖ്, അവിടെ വച്ച് സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചതായി കണ്ടെത്തിട്ടുണ്ട്. ദക്ഷിണകന്നഡ, ഉത്തര കന്നഡ എന്നിവിടങ്ങളിലാണ് സാറ്റലൈറ്റ് ഫോൺ പിന്നീട് ഓണായത്. ഷാരിഖിനെ ചോദ്യം ചെയ്താൽ മാത്രമേ കേസിൽ കൂടുതൽ വിവരങ്ങൾ ലഭിക്കൂ. സ്‌ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

മംഗളൂരുവിൽ വലിയ സ്‌ഫോടനത്തിനാണ് ഷാരിഖ് പദ്ധതിയിട്ടതെങ്കി​ലും അബദ്ധത്തിൽ ഓട്ടോറിക്ഷയിൽ വച്ച് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന് പിന്നിൽ അറാഫത്ത് അലി, മുസാഫിർ ഹുസൈൻ എന്നിവർക്കും പങ്കുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്കായി അഞ്ച് സംഘങ്ങളായി തിരിഞ്ഞ് കർണാടക പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഊട്ടി സ്വദേശിയായ അദ്ധ്യാപകനെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നേരത്തെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ തിരിച്ചറിയൽരേഖ ഉപയോഗിച്ചാണ് ഷാരിഖ് കോയമ്പത്തൂരിൽ സിം കാർഡ് എടുത്തത്.