മൂവാറ്റുപുഴ: മന്ത്രിയുടെ നിർദ്ദേശത്തെത്തുടർന്ന് ഉതുമ്പേലി തണ്ട് ഹരിജൻ കോളനിയിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റെടുക്കാൻ ഉദ്യോഗസ്ഥരെത്തി. ബ്ലോക്ക് പഞ്ചായത്ത് അസി.എൻജിനിയർ പി.എ. ഹസ്നയുടെ നേതൃത്വത്തിലെത്തിയ സംഘം പദ്ധതിക്കായി കുളം നിർമ്മിക്കുന്ന സ്ഥലം, പൈപ്പുലൈൻ വലിക്കുന്ന സ്ഥലം, ടാങ്ക് നിർമ്മിക്കുന്ന സ്ഥലം എന്നിവയെല്ലാം സന്ദർശിച്ചു. പുതുക്കിയ എസ്റ്റിമേറ്റ് ഉടനടി സർക്കാരിന് സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ആവോലി പഞ്ചായത്ത് രണ്ടാംവാർഡിലെ ഉതുമ്പേലിതണ്ട് ഹരിജൻ കോളനിയിൽ കുടിവെള്ളപദ്ധതിയുടെ എസ്റ്റിമേറ്റാണ് അടിയന്തരമായി പുതുക്കി നിശ്ചയിച്ച് സമർപ്പിക്കാൻ മന്ത്രി കെ. രാധാകൃഷ്ണൻ കഴിഞ്ഞദിവസം നിർദ്ദേശിച്ചത്. ഇതു സംബന്ധിച്ച് മന്ത്രിയെകണ്ട് പ്രദേശവാസികൾ നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി.
പതിറ്റാണ്ടുകളായി രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണ് കോളനി. 2019ൽ നാട്ടുകാർ എൽദോ എബ്രഹാം എം.എൽ.എയുടെ നേതൃത്വത്തിൽ വകുപ്പ് മന്ത്രി എ.കെ. ബാലനെകണ്ട് നിവേദനം നൽകിയതിനെ തുടർന്ന് പദ്ധതിക്കായി 40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്റായാക്കി പട്ടികജാതി വകുപ്പ് സർക്കാരിന് സമർപ്പിച്ചിരുന്നു. എന്നാൽ പഴയ ഡി.എസ്.ആർ നിരക്കിൽ എസ്റ്റിമേറ്റ് സമർപ്പിച്ചതിനാൽ സർക്കാർ തീരുമാനം വൈകുകയായിരുന്നു. ഇതിനെത്തുടർന്നാണ് കഴിഞ്ഞദിവസം സി.പി.എം ബ്രാഞ്ച് സെക്രട്ടറി എസ്.കെ. മോഹനൻ, ഡി.വൈ.എഫ്.ഐ.മേഖലാ പ്രസിഡന്റ് കെ.കെ. രതീഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രദേശവാസികൾ മന്ത്രിയെ നേരിൽക്കണ്ടത്. തുടർന്നാണ് അംഗീകാരത്തിനായി പുതുക്കിയ എസ്റ്റിമേറ്റ് അടിയന്തരമായി സമർപ്പിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്.