കൊച്ചി: ശബരിമല ക്ഷേത്രത്തെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പിയും ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരനും ആവശ്യപ്പെട്ടു.

2017 നവംബർ 13ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ദക്ഷിണേന്ത്യൻ മന്ത്രിമാരുടെ യോഗം കേന്ദ്ര സർക്കാരിനോട് ഈ കാര്യം ഏകകണ്ഠമായി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സംസ്ഥാന സർക്കാർ ആത്മാർത്ഥമായ ഒരു നടപടിയും സ്വീകരിച്ചില്ല. ലക്ഷക്കണക്കിന് ഭക്തർക്കാവശ്യമായ പ്രാഥമിക സൗകര്യങ്ങളും യാത്രാസൗകര്യങ്ങളും ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ തികഞ്ഞ പരാജയമാണ്. പമ്പയിൽ നിന്ന് മല കയറുന്ന ഭക്തർ നിരവധി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഈ തീർത്ഥാടനകാലം ആരംഭിച്ചതിനു ശേഷം പത്തോളം അയ്യപ്പ ഭക്തൻമാർക്ക് ജീവൻ നഷ്ടപ്പെട്ടത് പാതയുടെ അപാകത മൂലവും ശരിയായ ചികിൽസാ സംവിധാനങ്ങൾ ഒരുക്കാത്തതുകൊണ്ടുമാണ്. ഇത്തരം സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിന് നിവേദനം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.